കുട്ടനാട്ടിൽ വെള്ളിയാഴ്ച വൈകുന്നേരം വീട്ടുപരിസരത്തു പതിയിരുന്ന മൂർഖനെക്കണ്ട് വളർത്തുനായ ഷിംബ നിർത്താതെ കുരച്ചു. അറുപത്തഞ്ചുകാരി ഇന്ദിരയ്ക്ക് അപകടം തിരിച്ചറിഞ്ഞില്ല. കെട്ടിയിട്ടിരുന്നെങ്കിലും മുന്നോട്ടുപോകാതിരിക്കാൻ നായ ശ്രമിച്ചു. പിൻകാലുകളിൽ നിന്ന് മുൻകാലുകൾകൊണ്ട് തടഞ്ഞു. ഉടുത്തിരുന്ന സാരിയിൽ കടിച്ചുവലിച്ചു. സാരി ചെറുതായി കീറിയപ്പോൾ ഷിംബയെ ശാസിച്ച് ശൗചാലയത്തിലേക്കു പോയപ്പോഴാണ് തൊട്ടടുത്തുള്ള കവുങ്ങിനു സമീപംവെച്ച് ഇന്ദിരയ്ക്കു മൂർഖന്റെ കടിയേറ്റത്.
വീടിനകത്തു ചെറുമകൻ ഉപയോഗിച്ചിരുന്ന ശൗചാലയത്തിനു പുറത്തു പോയ ഇന്ദിരയെ രക്ഷിക്കാനായില്ല. ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രതിവിഷം നൽകിയെങ്കിലും ഫലമുണ്ടായില്ല. രക്തസമ്മർദവും മുട്ടുവേദനയുമുള്ള ഇന്ദിര, ചമ്പക്കുളത്തെ ആശുപത്രിയിൽ പോയി തിരിച്ചുവന്നതായിരുന്നു. വളർത്തുനായ പതിവില്ലാത്തവിധം കുരയ്ക്കുന്നതു കേട്ട മകൾ രശ്മി, അമ്മ പുറത്തിറങ്ങിയതാണെന്നു പറഞ്ഞു. ‘കടിയേറ്റ പരിഭ്രാന്തയാകാതെ വീടിനകത്തേക്കു നടന്നുവന്ന് സർപ്പം കടിച്ചുവെന്നാണ് അമ്മ പറഞ്ഞത്. മുറിവിന്റെ രീതിയും രക്തമൊഴുകുന്നതും കണ്ടതോടെ പാമ്പുകടിയേറ്റതാണെന്നു മനസ്സിലായി. ഉടൻ ആശുപത്രിയിലേക്കു കൊണ്ടുപോയി. പെട്ടെന്നാണു നില വഷളായി അമ്മ മരിച്ചത്’- രശ്മി പറഞ്ഞു.
Photo and News Source: Mathrubhumi



