1986 ഏപ്രിൽ 26-ന് രാത്രി 1. 23-ന് യുക്രൈനിലെ ചെർണോബിൽ ആണവനിലയത്തിലെ നാലാം റിയാക്ടർ പൊട്ടിത്തെറിച്ചു. സുരക്ഷാപരിശോധനയിലെ പിഴവായിരുന്നു അപകടകാരണം. പത്തുദിവസത്തോളം ആണവ ഇന്ധനം കത്തിയെരിഞ്ഞു. അണുവികിരണമുള്ള പുക യൂറോപ്പിലാകെ പരന്നു. സ്വീഡൻ ആദ്യം മുന്നറിയിപ്പ് നൽകിയെങ്കിലും, സോവിയറ്റ് യൂണിയൻ മേയ് 14-ന് ദുരന്തം സമ്മതിച്ചു. യു. എസ്. കണക്കനുസരിച്ച് 4000 പേർ മരിച്ചു. ഗ്രീൻപീസ് കണക്കിൽ ഒരുലക്ഷത്തോളം പേർ മരണമടഞ്ഞു.

ആണവമാലിന്യ നീക്കത്തിനായി പ്രവർത്തിച്ച ആറുലക്ഷം പേർ അണുവികിരണത്തിന് ഇരയായി. ആണവോർജ്ജത്തിനെതിരെ യൂറോപ്പിലാകെ പ്രക്ഷോഭങ്ങൾ ഉയർന്നു. വടക്കൻ യുക്രൈനിലും തെക്കൻ ബെലറൂസിലും ഇന്നും വാസയോഗ്യമല്ലാത്ത 4800 ച. കി. പ്രദേശം. 24,000 വർഷത്തേക്ക് മനുഷ്യവാസം സാധ്യമല്ലെന്ന് ഐ. എ. ഇ. എ. പ്രവചിക്കുന്നു. ചെർണോബിൽ നിലയത്തിന് ഇരട്ടി കവചം ഉണ്ടെങ്കിലും, 2025 ഫെബ്രുവരിയിൽ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ വിള്ളൽ വീണു. നിലയത്തിന്റെ സുരക്ഷാ പരിസ്ഥിതി ഇന്ന് വീണ്ടും ഭീഷണിയിലാണ്.

Photo and News Source: Mathrubhumi