തിരുവനന്തപുരം: കേരളത്തിൽ ഞായറാഴ്ചയും കനത്ത ചൂട് തുടരും. തിങ്കളാഴ്ച മുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. 29-ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ കനത്തമഴയ്ക്കുള്ള മഞ്ഞമുന്നറിയിപ്പുണ്ട്.

നേരിയ വേനൽമഴ ചിലയിടങ്ങളിൽ ചൂടിൽ നേരിയ കുറവുണ്ടാക്കിയെങ്കിലും പാലക്കാടും പുനലൂരും ചൂട് ഉയർന്നുതന്നെ തുടരുന്നു. രണ്ടിടത്തും 39.8 ഡിഗ്രി താപനില രേഖപ്പെടുത്തി. പുനലൂരിൽ ശരാശരിയിൽ നിന്ന് അഞ്ച് ഡിഗ്രി കൂടുതലാണ്. പാലക്കാട് 3.5 ഡിഗ്രി കൂടി 38.3 ഡിഗ്രിയായി കോട്ടയത്ത്.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നാമമാത്രമായ കുറവേയുണ്ടായുള്ളൂ. ഞായറാഴ്ച പാലക്കാട് 40 ഡിഗ്രിയും കൊല്ലം 39 ഡിഗ്രിയും പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ 38 ഡിഗ്രിയും എത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ കേരളത്തെ ബാധിക്കുന്നില്ലെങ്കിലും പ്രതിചക്രവാതം മഹാരാഷ്ട്രയ്ക്ക് മുകളിലാണ് സ്ഥിതി ചെയ്യുന്നത്.

Photo and News Source: Mathrubhumi