ബെംഗളൂരുവിൽ ബുള്ളറ്റ് ട്രെയിൻ കോച്ചുകളുടെ നിർമ്മാണത്തിനായി ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിന്റെ ('ബെമൽ') ആദിത്യ പ്ലാന്റ് ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് പ്ലാന്റ് തുറന്നത്. ബെമലിന്റെ തിപ്പസാന്ദ്ര കാമ്പസിലാണ് ഈ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ഇവിടെ ബി-28 കോച്ചുകളുടെ നിർമ്മാണം നടക്കും. രാജ്യത്തെ തദ്ദേശീയ എൻജിനിയറിങ്ങിൽ അതിവേഗ റെയിൽ സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് ഒരു നാഴികക്കല്ലാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

അതിവേഗ ട്രെയിനുകളുടെ വരവ് പ്രധാന നഗരങ്ങളെ കൂട്ടിയോജിപ്പിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു. ചെന്നൈ-ബെംഗളൂരു യാത്രാസമയം വെറും 73 മിനിറ്റായി കുറയും. രണ്ട് നഗരങ്ങളും ഒരൊറ്റ ഹബ്ബിന്റെ ഭാഗമാകും. അടുത്തവർഷം മാർച്ചോടെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പാളത്തിലിറക്കും എന്ന് റെയിൽവെ ലക്ഷ്യമിടുന്നു.

മുംബൈ-ബെംഗളൂരു ബന്ധം എളുപ്പമാക്കുന്നതിനായി രണ്ട് പുതിയ തീവണ്ടി സർവീസുകൾ ആരംഭിക്കും. ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ എക്‌സ്പ്രസ് ഉടൻ തുടങ്ങും. മംഗളൂരു-ബെംഗളൂരു വന്ദേഭാരത് സർവീസ് ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Photo and News Source: Mathrubhumi