മമ്മൂട്ടി, മോഹൻലാൽ, നയൻതാര, രേവതി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവർ അഭിനയിക്കുന്ന മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘പേട്രിയറ്റി'ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലും ഇന്ദ്രൻസും മുഖാമുഖം നിൽക്കുന്ന ചിത്രമടങ്ങിയ പോസ്റ്റർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയയിലൂടെയാണ് പങ്കുവെച്ചത്. “Patriot-ന് ഇനി ആറ് ദിവസങ്ങൾ മാത്രം. 2026 മെയ് ഒന്നു മുതൽ ലോകമെമ്പാടുമുള്ള സിനിമാ തിയേറ്ററുകളിൽ” എന്ന് പോസ്റ്ററിൽ കുറിച്ചിരുന്നു.
‘പേട്രിയറ്റി'ന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യൂട്യൂബിൽ ആഗോള തലത്തിൽ ട്രെൻഡായ ട്രെയ്‌ലർ വലിയ പ്രേക്ഷക പ്രശംസ നേടി. മലയാളത്തിലെ രണ്ട് മെഗാതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ട്രെയ്‌ലർ ലോഞ്ച് നടത്തിയത്. തൃശ്ശൂർ രാഗം തിയേറ്ററിലും എറണാകുളം കവിത തിയേറ്ററിലും ഒരുമിച്ച് ട്രെയ്‌ലർ പ്രദർശിപ്പിച്ചു.
18 വർഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചു നായകന്മാരായി എത്തുന്ന ചിത്രമാണിത്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം. സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് സഹനിർമ്മാണം നിർവഹിക്കുന്നത്. സി.വി. സാരഥിയും രാജേഷ് കൃഷ്ണയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
Photo and News Source: Mathrubhumi



