തെൽ അവീവ്: ഇസ്റാഈലുമായുള്ള പ്രതിരോധ സഹകരണ കരാർ പുതുക്കുന്നത് മരവിപ്പിക്കാൻ ഇറ്റലി തീരുമാനിച്ചു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കനത്ത പരാജയമായി ഇത് പ്രതിപക്ഷ നേതാവ് യെർ ലാപിഡ് വിശേഷിപ്പിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ ഈ നടപടി ഇസ്റാഈലിന്റെ നയതന്ത്ര രംഗത്തെ വലിയ തിരിച്ചടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലബനനിലും പലസ്തീനിലുമുള്ള സൈനിക നടപടികളെ തുടർന്ന് രാജ്യാന്തര തലത്തിൽ ഇസ്റാഈൽ ഒറ്റപ്പെടുന്നതിന്റെ പുതിയ ഉദാഹരണമായി ഈ സംഭവത്തെ ലോകരാജ്യങ്ങൾ കാണുന്നു. ഇറ്റലിയിലെ വലതുപക്ഷ-കൺസർവേറ്റീവ് നേതാവായ മെലോണി, തീവ്രവാദത്തിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകത ബോധ്യമുള്ള വ്യക്തിയാണെന്നും ലാപിഡ് ചൂണ്ടിക്കാട്ടി.
സഖ്യകക്ഷികളെ വിശ്വാസത്തിൽ എടുക്കുന്നതിൽ നെതന്യാഹു സർക്കാർ പരാജയപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രി ഗിദിയോൺ സാർ ഇല്ലാത്തതുപോലെ പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. രാജ്യതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പൂർണ്ണ പരാജയമായെന്നും ലാപിഡ് വിമർശിച്ചു.
Photo and News Source: Kvartha


