കോഴിക്കോട്, കൊല്ലം, കണ്ണൂർ എന്നിവിടങ്ങളിൽ വേനല്‍ച്ചൂട് മൂലം പൊള്ളലേറ്റ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. കോഴിക്കോട് കാരാളിപ്പറമ്പ് സ്വദേശി അബ്ദുല്‍ ജലീലിന് ബൈക്കില്‍ പോകുമ്പോള്‍ ചെറുവാടി വയലിന്റെ ഭാഗത്തു വച്ച് കൈകളിലും കാലിലും പൊള്ളലേറ്റു. ചെറുവാടി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി. കൊടുവള്ളിയിലെ അമല്‍ ഷാജിക്കും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ പൊള്ളലേറ്റു. കാരന്തൂരിൽ നിന്നും വീട്ടിലേക്ക് വരുന്ന വഴി കൊടുവള്ളിയില്‍ വെച്ച് കൈകളില്‍ പൊള്ളലേറ്റു. കളരാന്തിരി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി.

കൊല്ലം കുന്നിക്കോട് സ്വദേശി 84 വയസ്സുള്ള ബേബി മരിച്ച നിലയില്‍ കൃഷിസ്ഥലത്തു കണ്ടെത്തി. ഉച്ചയ്‌ക്ക് 12 മണിയോടെ കൃഷിയിടത്തിലെ ചാലില്‍ ആണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതശരീരത്തിന്റെ ഇരു കൈകളിലും വലിയ രീതിയില്‍ പൊള്ളലേറ്റ് തൊലി ഇളകിയ നിലയിലാണ്. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

കണ്ണൂരിലെ ചെറുപുഴയിൽ കിണറ്റില്‍ നിന്ന് വെള്ളം എടുക്കവെ മധ്യവയസ്‌കനായ ബെന്നിക്ക് സൂര്യാതപമേറ്റു. ചെറുപുഴ കാഞ്ഞിരത്താംകുന്ന് സ്വദേശിയാണ് ബെന്നി.

Photo and News Source: Janmabhumi