വൈദ്യുതി ബില്ലുകളുടെ വിലയേറ്റത്തിനിടയിൽ വീടുകളെ ‘പവർ ഹൗസുകളാക്കി’ മാറ്റാനുള്ള ശ്രമമാണ് ജനങ്ങൾ ഇപ്പോൾ നടത്തുന്നത്. സോളാർ സ്ഥാപിക്കാനുള്ള തീരുമാനത്തോടൊപ്പം ഏത് സിസ്റ്റം തിരഞ്ഞെടുക്കണം എന്ന സംശയമാണ് പലരെയും ബാധിക്കുന്നത്. ഓണ്‍-ഗ്രിഡ്, ഓഫ്-ഗ്രിഡ്, ഹൈബ്രിഡ് എന്നീ മൂന്ന് പ്രധാന സിസ്റ്റങ്ങളിലൂടെയാണ് സോളാർ പ്രവർത്തിക്കുന്നത്.
ഓണ്‍-ഗ്രിഡ് സിസ്റ്റം കെ.എസ്.ഇ.ബി ഗ്രിഡുമായി ബന്ധിപ്പിച്ചിരിക്കുന്നതാണ്. ബാറ്ററി ഉപയോഗിക്കാത്തതിനാൽ പകൽ സമയത്തെ അധിക വൈദ്യുതി ഗ്രിഡിലേക്ക് നല്‍കാം. കറണ്ട് പോയിക്കഴിയുമ്പോൾ ഈ സിസ്റ്റം പ്രവർത്തിക്കില്ല. വലിയ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്കും ബില്ല് ഗണ്യമായി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും അനുയോജ്യമാണ്.
ഓഫ്-ഗ്രിഡ് സിസ്റ്റം ബാറ്ററിയില്‍ വൈദ്യുതി ശേഖരിക്കുന്നു. കെ.എസ്.ഇ.ബി കറണ്ട് ഉണ്ടെങ്കിലും ഇല്ലെങ്കിലും ബാറ്ററി ചാർജ്ജുള്ളിടത്തോളം വൈദ്യുതി ലഭിക്കും. ചെറിയ ബില്ലുള്ളവർക്കും ബാക്കപ്പ് ആവശ്യമുള്ളവർക്കും ഏറ്റവും നല്ലത്. ബാറ്ററി മാറ്റേണ്ടി വരുന്നതിനാൽ അധിക ചെലവാണ് ഇതിന്റെ പോരായ്മ.
ഹൈബ്രിഡ് സിസ്റ്റം ഓണ്‍-ഗ്രിഡിന്റെ ഗുണങ്ങളും ഓഫ്-ഗ്രിഡിന്റെ സ്വയംപര്യാപ്തതയും ഒരുമിച്ച് നൽകുന്നു. കെ.എസ്.ഇ.ബി ഇല്ലാത്തപ്പോഴും ബാറ്ററി ഉപയോഗിച്ച് വൈദ്യുതി ലഭിക്കും. കൂടുതൽ ചെലവുള്ളെങ്കിലും ദീർഘകാല ലാഭം ലഭിക്കും.
Photo and News Source: Dhanam



