പ്രശസ്ത ഗുരുകുലാചാര്യനും നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനുമായ മുനി നാരായണ പ്രസാദ് (87) തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പുലർച്ചെ 3. 55ന് അന്തരിച്ചു. 1938 ഡിസംബർ 8-ന് തിരുവനന്തപുരം ജില്ലയിലെ നാഗരൂരിലാണ് അദ്ദേഹം ജനിച്ചത്. മാധവൻ, നാരായണി ദമ്പതികളുടെ മകനായിരുന്ന അദ്ദേഹം എൻജിനീയറിങ്ങിനുശേഷം പൊതുമരാമത്തു വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. 1958-ൽ വർക്കല നാരായണ ഗുരുകുലത്തിൽ ചേരുകയും 1967-ൽ നടരാജഗുരുവിൽ നിന്ന് ബ്രഹ്മചാരീദീക്ഷ സ്വീകരിക്കുകയും ചെയ്തു.

1968-ൽ ധർമ്മ പ്രചാരകനായി മാറിയ അദ്ദേഹം 1985-ൽ നിത്യചൈതന്യയതിയിൽ നിന്ന് സന്ന്യാസദീക്ഷ നേടി. 1973-1989 കാലയളവിൽ ഗുരുകുലം മാസികയുടെ പത്രാധിപരായും പ്രവർത്തിച്ചു. 1976-ൽ ശാസ്താംകോട്ടയിൽ നടന്ന ലോകമതസമ്മേളനത്തിന്റെ മുഖ്യ സംഘാടകനായിരുന്നു അദ്ദേഹം. 1987-ൽ മൊസ്കോ ലോകമത വട്ടമേശ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്തു. 1989-91-ൽ ഫിജിയിലെ നാരായണഗുരുകുലം അധിപനായും പ്രവർത്തിച്ചു. 1999-ൽ നിത്യചൈതന്യയതി സമാധിയായതോടെ നാരായണഗുരുകുല പ്രസ്ഥാനത്തിന്റെ അധ്യക്ഷനായി.

ഇംഗ്ലീഷിലും മലയാളത്തിലും തൊണ്ണൂറോളം ഗ്രന്ഥങ്ങൾ രചിച്ച അദ്ദേഹം ശ്രീനാരായണകൃതികൾ, ഭഗവദ്ഗീത, ഉപനിഷത്തുകൾ എന്നിവയ്ക്കും ഭാഷ്യം രചിച്ചു. പത്മശ്രീ, സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

Photo and News Source: Newsthen