വിഷു, കേരളത്തിന്റെ കാർഷികോത്സവമായും ഐശ്വര്യത്തിന്റെയും പ്രതീക്ഷയുടെയും ഉത്സവമായും ആഘോഷിക്കപ്പെടുന്നു. മലയാളികൾക്ക് ഓണത്തിനു ശേഷമുള്ള ഏറ്റവും വലിയ ആഘോഷമാണിത്. വിഷുക്കണി ഒരുക്കുക, കണി കാണുക, കൈനീട്ടം വാങ്ങുക, പുതു വസ്ത്രങ്ങൾ ധരിക്കുക, കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് വിഷു സദ്യ കഴിക്കുക തുടങ്ങിയ ചടങ്ങുകളാണ് പ്രധാനം.
രാവും പകലും തുല്യമായ ദിവസമായ വിഷുവിൽ കൊന്ന മരത്തിന്റെ മഞ്ഞ പൂക്കൾക്ക് പ്രാധാന്യമുണ്ട്. കണിക്കൊന്നയും ധാന്യശേഖരങ്ങളും കൊണ്ട് സമൃദ്ധമായ കണി കണ്ടാണ് വിഷുപുലരിയിൽ മലയാളികൾ കൺതുറക്കുന്നത്. വിളവെടുപ്പ് ഉത്സവമായതിനാൽ കാർഷിക വിളകൾക്കാണ് പ്രാധാന്യം.
കത്തിച്ചു വച്ച നിലവിളക്കിനു മുന്നിൽ ഓട്ടുരുളിയിലാണ് കണിയൊരുക്കുന്നത്. കൊന്നപ്പൂവ്, വെള്ളരി, മാങ്ങ, ചക്ക, നാളികേരം, അഷ്ടമാംഗല്യം, അരി, കോടിമുണ്ട്, സ്വർണം, പണം തുടങ്ങിയവയെല്ലാം വിളക്കിനു മുന്നിൽ ഒരുക്കുന്നു. രാമായണം, മഹാഭാരതം, ഭഗവദ്ഗീത, കൃഷ്ണന്റെ പ്രതിമ എന്നിവയും പൂജയ്ക്കായി വയ്ക്കാറുണ്ട്. സ്നേഹത്തിന്റേയും സമൃദ്ധിയുടേയും ഈ വിഷുപ്പുലരിയിൽ എല്ലാവർക്കും വിഷു ആശംസകൾ.
Photo and News Source: Kerala Online News


