കണ്ണൂരിൽ വീടു കുത്തി തുറന്ന് സ്വർണാഭരണങ്ങളും സിസിടിവി ഹാർഡ് ഡിസ്ക്കും മോഷ്ടിച്ച പ്രതികളെ പോലീസ് പിടികൂടി. ചെറുവത്തൂർ സ്വദേശിയായ കെപി സിദ്ദിഖ് (47) കേരളത്തിലും തമിഴ്നാട്ടിലും നിരവധി മോഷണക്കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ്. മലപ്പുറം പുന്നക്കാട് സ്വദേശിയായ സുഹൈൽ പികെ (40) ചിറ്റൂർ പോലീസ് സ്റ്റേഷനിലെ ഒരു കേസിൽ പ്രതിയാണ്.

വീടുകളുടെ വാതിൽ തകർത്ത് അകത്തുകയറിയാണ് പ്രതികൾ മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയമായ അന്വേഷണവും ഉപയോഗിച്ച് ധർമ്മടം പോലീസും തലശ്ശേരി എസിപി സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്. മോഷണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞു. ഇവരുടെ മൊബൈൽ നമ്പറിന്റെ ടവർ ലൊക്കേഷൻ തിരിച്ചറിയാൻ കഴിഞ്ഞത് അന്വേഷണത്തിന് വേഗതയേകി.

തലശ്ശേരി എഎസ്പി നന്ദഗോപൻ, ധർമ്മടം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ അഗേഷ് കെ. എന്നിവരുടെ നിർദ്ദേശപ്രകാരം ധർമ്മടം എസ്ഐ ഷജീം ജെ.യുടെ നേതൃത്വത്തിൽ സിപിഒമാരായ ശ്രീലാൽ, ഹിരൺ, രതീഷ്, സായൂജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Photo and News Source: Samakalika Malayalam