ആലപ്പുഴയിലെ കുട്ടനാട്ടിൽ വീട്ടമ്മ ഇന്ദിര (65) മൂർഖൻ പാമ്പിന്റെ കടിയേറ്റ് മരണമടഞ്ഞു. വൈശ്യംഭാഗം പുതുവനയിലെ വീട്ടിൽ ശുചിമുറിക്ക് മുന്നിൽ വെച്ചായിരുന്നു സംഭവം. കടിയേറ്റ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ആന്റിവെനം നൽകിയിട്ടും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി പാമ്പുകടിയേറ്റ് നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തൃശ്ശൂരിൽ രണ്ട് കുട്ടികൾ, ചിറയിൻകീഴിൽ ഒരു കുട്ടി, കായംകുളത്ത് ഒരു വീട്ടമ്മ എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരത്തും രണ്ട് പേർ പാമ്പുകടിയേറ്റു. ഈ മരണങ്ങളെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ആന്റിവെനം ലഭ്യമായ ആശുപത്രികളുടെ ലിസ്റ്റ് 108 ആംബുലൻസ് ടീമിന് കൈമാറിയിട്ടുണ്ട്. പാമ്പുകടിയേറ്റവർക്ക് ഉടൻ ചികിത്സ ലഭിക്കുന്നതിന് നടപടി സ്വീകരിച്ചുവെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നു.

Photo and News Source: Janam TV