തിരുവനന്തപുരം: ശബരിമല ക്ഷേത്ര സമുച്ചയത്തിനു മുകളിലൂടെ അനുമതി ഇല്ലാതെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്ന സംഭവം ഗുരുതര സുരക്ഷാലംഘനമായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. എഡിജിപി എസ്. ശ്രീജിത്ത് തയ്യാറാക്കിയ റിപ്പോർട്ട് ഇന്ന് സ്പെഷ്യൽ കമ്മീഷണർക്ക് കൈമാറും. കൊടിമരത്തിന് തൊട്ടുമുകളിൽ വരെ ഹെലികോപ്റ്റർ നാലു വട്ടം പതിയെ പറന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. കാലാവസ്ഥാ പ്രശ്നം എന്ന കോസ്റ്റ് ഗാർഡിന്റെ വിശദീകരണം റിപ്പോർട്ടിൽ തൃപ്തികരമല്ലെന്ന് പറയുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും, എയർട്രാഫിക് കൺട്രോൾ റൂമിൽ നിന്നും വിശദാംശങ്ങൾ ശേഖരിക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പരിഗണിക്കാനും, ഹെലികോപ്റ്റർ പൈലറ്റുമാരുടെ മൊഴി രേഖപ്പെടുത്താനും ആവശ്യപ്പെടുന്നു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഈ സംഭവം. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നവർ ശ്രീകോവിലിന്റെ ചിത്രങ്ങൾ പകർത്തിയതായും, അത് കണ്ടാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും അറിയുന്നു. നിലക്കൽ, പമ്പാ, സന്നിധാനം മേഖലകളിൽ ഡ്രോണുകൾ പോലും അനുവദനീയമല്ല.

വിഐപി ഇടപെടലുകളുമായി നിലക്കലിൽ ഹെലികോപ്റ്റർ ഇറങ്ങുന്നതിന് മുൻകൂർ അനുമതി വേണം. ഈ സാഹചര്യത്തിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പോലും ക്ഷേത്ര സമുച്ചയത്തിനു മുകളിൽ എത്തിയത് അതീവ ഗൗരവമാണെന്ന് സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു. എഡിജിപി ശ്രീജിത്തിന്റെ റിപ്പോർട്ടും കോടതിക്ക് കൈമാറും.

Photo and News Source: Sathyam Online