തൃശ്ശൂരിലെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട ശനിയാഴ്ച തുറക്കുന്നു. എറണാകുളം ശിവകുമാറിന്റെ പുറത്തേറ്റെത്തുന്ന നെയ്തലക്കാവിലമ്മ ഉച്ചയോടെ പൂരവിളംബരം നടത്തും. ഞായറാഴ്ച നടക്കുന്ന തൃശ്ശൂർ പൂരത്തിന്റെ ഭാഗമായ പാറമേക്കാവ് വിഭാഗത്തിന്റെ ചമയപ്രദർശനം വെള്ളിയാഴ്ച ആരംഭിച്ചു. വെടിക്കെട്ടുഅപകടത്തിന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടന പരിപാടികൾ ഒഴിവാക്കി. തിരുവമ്പാടിയുടെ ചമയപ്രദർശനം ശനിയാഴ്ച നടക്കും. വെള്ളിയാഴ്ച സാമ്പിൾ വെടിക്കെട്ട് ഇല്ലാതെ ഇരുവിഭാഗവും ഓരോ കതിന പൊട്ടിച്ചു. പൂരപ്പന്തലുകളിൽ പാറമേക്കാവ് വിഭാഗത്തിന്റെ മണികണ്ഠനാൽ പന്തലിന്റെ ദീപാലങ്കാരം വെള്ളിയാഴ്ച സ്വിച്ചോൺ ചെയ്തു.

തിരുവമ്പാടിയുടെ രണ്ട് പന്തലിന്റെയും സ്വിച്ചോൺ ശനിയാഴ്ച നടക്കും. പൂരത്തിനായുള്ള ആനപരിശോധന വെള്ളിയാഴ്ച തുടങ്ങി. ഞായറാഴ്ച ഘടകപ്പൂരങ്ങളുടെ വരവോടെ ചടങ്ങുകൾ ആരംഭിക്കും. മഠത്തിൽവരവ്, പഞ്ചവാദ്യം, ഇലഞ്ഞിത്തറമേളം, കുടമാറ്റം എന്നിവയെല്ലാം നടക്കും. വെടിക്കെട്ടിന്റെ അപകടം പരിഗണിച്ച് കുടമാറ്റം 15 മിനിറ്റാക്കി ചുരുക്കി. തിങ്കളാഴ്ച പുലർച്ചെ വെടിക്കെട്ട് ഇല്ല, കതിന മാത്രം പൊട്ടിക്കും. തിങ്കളാഴ്ച വടക്കുന്നാഥനെ സാക്ഷിയാക്കി തിരുവമ്പാടി-പാറമേക്കാവ് ഭഗവതിമാർ ഉപചാരം നടത്തും.

Photo and News Source: Mathrubhumi