ചന്ദ്രവംശം എന്നറിയപ്പെടുന്ന പുരൂരവസിന്റെ വംശാവലി ഇന്ത്യൻ പുരാണങ്ങളിൽ അതിപ്രധാനമാണ്. ബ്രഹ്മാവിൽ നിന്നാണ് ഈ വംശം ആരംഭിക്കുന്നത്. ബ്രഹ്മാവിന്റെ മാനസപുത്രനായ അത്രി മഹർഷിയുടെ പുത്രനാണ് ചന്ദ്രൻ. ചന്ദ്രനിൽ നിന്നാണ് ‘ചന്ദ്രവംശം’ എന്ന പേര് ഉരുത്തിരിഞ്ഞത്.

ബുധൻ ചന്ദ്രന്റെ പുത്രനാണ്. ഇദ്ദേഹം അറിവിന്റെയും ബുദ്ധിയുടെയും ദേവനായി കരുതപ്പെടുന്നു. വൈവസ്വത മനുവിന്റെ മകളായ ഇളയെ വിവാഹം കഴിക്കുകയും അവർക്ക് പുരൂരവസ്സ് ജനിക്കുകയും ചെയ്തു. ചില കഥകളിൽ സുദ്യുമ്‌നൻ എന്ന മനുവിന്റെ പുത്രനാണ് ഇളയായി മാറിയത്. ശ്രീമദ് ഭാഗവതപുരാണം, മത്സ്യപുരാണം, പത്മപുരാണം, ദേവീഭാഗവതം എന്നിവയിൽ ഈ കഥ പരാമർശിക്കപ്പെടുന്നു.

വൈവസ്വത മനുവിനും ശ്രദ്ധയ്ക്കും പുത്രന്മാരില്ലാതിരുന്നപ്പോൾ നടത്തിയ പുത്രകാമേഷ്ടി യാഗത്തിന്റെ ഫലമായി സുദ്യുമ്‌നൻ ജനിച്ചു. ഒരിക്കൽ കുമാരവനം എന്ന സ്ഥലത്ത് വേട്ടയാടാൻ പോയ സുദ്യുമ്‌നൻ, ശിവന്റെ ശാപം മൂലം സ്ത്രീയായി മാറി. ‘ഇള’ എന്ന പേര് സ്വീകരിച്ച അദ്ദേഹം ബുധനുമായി പ്രേമത്തിലാവുകയും പുരൂരവസ്സിന് ജന്മം നൽകുകയും ചെയ്തു. ചന്ദ്രവംശത്തിന്റെ തുടക്കം ഇതോടെയാണ്.

Photo and News Source: Janmabhumi