കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സംസ്ഥാനത്ത് ഇത്തവണ തെക്ക്-പടിഞ്ഞാറൻ കാലവർഷം കുറയാനുള്ള സാധ്യത മുന്നറിയിപ്പ് നൽകി. പസഫിക് സമുദ്രത്തിലെ എൽ-നിനോ പ്രതിഭാസം ശക്തമാകുന്നത് മൺസൂണിനെ ബാധിക്കുന്നതാണ്. കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ പ്രതീക്ഷിച്ച മഴ ലഭിക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
മഴ കുറയുന്നതോടൊപ്പം സംസ്ഥാനത്ത് വേനൽച്ചൂട് റെക്കോർഡ് നിലയിലേക്ക് ഉയരുന്നു. ഏപ്രിൽ 14 വരെ പത്തോളം ജില്ലകളിൽ ഉയർന്ന താപനില സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി വരെ കൂടാൻ സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിൽ 38°C വരെയും, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 37°C വരെയും ഉയരാനിടയുണ്ട്.
പത്തനംതിട്ടയിൽ 36°C വരെ ചൂട് അനുഭവപ്പെടാം. അന്തരീക്ഷത്തിലെ ഈർപ്പവും ഉയർന്ന താപനിലയും ചേരുന്നതോടെ മലയോര മേഖല ഒഴികെയുള്ള പ്രദേശങ്ങളിൽ അസ്വസ്ഥതയും ഉഷ്ണവും അനുഭവപ്പെടാനിടയുണ്ട്. വേനൽ മഴയ്ക്ക് നേരിയ സാധ്യതയുണ്ടെങ്കിലും നിലവിലെ ചൂടിൽ നിന്ന് പെട്ടെന്നൊരു മോചനം ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Photo and News Source: Malayalam Express


