ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളെയും സൈനിക നീക്കങ്ങളെയും നിരീക്ഷിക്കാൻ പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐ ഒരുക്കിയ അത്യാധുനിക ചാരവലയം ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ തകർത്തു. അതിർത്തി സംസ്ഥാനങ്ങളിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളുടെ സമീപം ചൈനീസ് സാങ്കേതികവിദ്യയിലുള്ള സിസിടിവി ക്യാമറകൾ സ്ഥാപിച്ച് വിവരങ്ങൾ ചോർത്തിയിരുന്നു. ഡൽഹി പോലീസിന്റെ രണ്ട് ഓപ്പറേഷനിലായി 11 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. ആയുധക്കടത്തിലും സ്ഫോടന ആസൂത്രണത്തിലും ഏർപ്പെട്ടിരുന്ന ഈ സംഘം, രാജ്യത്തെ സുരക്ഷാ സേനകളുടെ നീക്കങ്ങൾ പാക്കിസ്ഥാനിലേക്ക് നേരിട്ട് കൈമാറിയിരുന്നു.
ചൈനീസ് സാങ്കേതികവിദ്യയായ 'ഈസിക്ലൗഡ്' ക്ലൗഡ് അധിഷ്ഠിത സിസ്റ്റം ഉപയോഗിച്ച് ഈ ചാരപ്രവർത്തനം നടന്നിരുന്നു. വിപണിയിൽ ലഭ്യമായ അതിശക്തമായ സിസ്റ്റങ്ങളാണ് ഉപയോഗിച്ചത്. സൈനിക മേഖലയ്ക്കടുത്ത് ക്യാമറകൾ സ്ഥാപിച്ച് അവയിലെ ദൃശ്യങ്ങൾ മൊബൈൽ ആപ്ലിക്കേഷനുകൾ വഴി പാക്കിസ്ഥാനിലെ ഹാൻഡ്‌ലർമാർക്ക് നേരിട്ട് ലഭ്യമാക്കിയിരുന്നു. സോളാർ പാനലുകളിലൂടെ പ്രവർത്തിക്കുന്ന ക്യാമറകളിൽ വ്യാജ തിരിച്ചറിയൽ രേഖകളുള്ള സിം കാർഡുകൾ ഉപയോഗിച്ച് ഡാറ്റ കൈമാറ്റം നടത്തിയിരുന്നു. ഇത് ദീർഘകാലം രഹസ്യമായി ദൃശ്യങ്ങൾ പകർത്താൻ സംഘത്തെ സഹായിച്ചു.
പ്രധാനമായും പഞ്ചാബ്, ഹരിയാന, ജമ്മു-കശ്മീർ, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ സൈനിക പ്രാധാന്യമുള്ള നഗരങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചിരുന്നത്. പഞ്ചാബിലെ കപൂർത്തല, ജലന്ധർ, പത്താൻകോട്ട്, പട്യാല, മോഗ എന്നിവിടങ്ങളിലും ഹരിയാനയിലെ അംബാലയിലും ഈ ചാരവലയം പ്രവർത്തിച്ചിരുന്നു.
Photo and News Source: Kvartha


