ദുബായ്: യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, രാജ്യത്ത് ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ സംസ്കരണ ഫാക്ടറി സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. ‘വൺ ബില്യൺ മീൽസ് ഡേറ്റ്സ് ഫാക്ടറി’ എന്ന പേരിലുള്ള ഈ പദ്ധതി, പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ലോകമെമ്പാടുമുള്ള കുട്ടികളും ദരിദ്ര വിഭാഗങ്ങളും ലക്ഷ്യമിട്ടുള്ളതാണ്.

പ്രതിവർഷം 15 കോടി ഭക്ഷ്യ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ സംരംഭം, ഗൾഫ് മേഖലയ്ക്ക് ലഭിച്ച അനുഗ്രഹമായ ഈന്തപ്പഴത്തെ പോഷകാഹാര ഉത്പന്നങ്ങളാക്കി മാറ്റുന്നു. യു.എ.ഇ.യുടെ ജീവിതത്തിന്റെ പ്രധാന ഘടകമായ ഈന്തപ്പഴം വഴി ലോകത്തിന് അർഥവത്തായ സംഭാവന നൽകാനാണ് ശ്രമം.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം പിന്നാക്ക സമൂഹങ്ങളുടെ ജീവിത നിലവാരവും മെച്ചപ്പെടുത്താൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. യു.എ.ഇ. ഉപപ്രധാനമന്ത്രിമാരും മറ്റു നേതാക്കളുടെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ച പദ്ധതി, ദാനധർമ പ്രവർത്തനങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്താനുള്ള ശൈഖ് മുഹമ്മദിന്റെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നു.

Photo and News Source: Mathrubhumi