ദുബൈ: വിസ പുതുക്കൽ, ലൈസൻസ് നേടൽ, രേഖകൾ സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ സർക്കാർ സേവനങ്ങൾക്ക് യു.എ.ഇ. നിവാസികൾക്ക് ഇനി കൂടുതൽ എളുപ്പമാകും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്തെ 50% സർക്കാർ സേവനങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അടിസ്ഥാനമാക്കി മാറ്റാൻ യു.എ.ഇ. പദ്ധതിയിടുന്നു.
എജന്റിക് AI സംവിധാനമാണ് പുതിയ സംരംഭത്തിന്റെ ഹൃദയം. നിലവിലെ AI സംവിധാനങ്ങൾ നിർദ്ദേശങ്ങൾക്ക് മറുപടി നൽകുന്നതിൽ മാത്രം ഒതുങ്ങുമ്പോൾ, എജന്റിക് AI ഒരു ലക്ഷ്യം നൽകിയാൽ അതിന്റെ പൂർത്തീകരണത്തിനായി സ്വയം പ്രവർത്തിക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്യും. ഉദാഹരണത്തിന്, എമിറേറ്റ്സ് ഐഡി പുതുക്കണമെങ്കിൽ നിലവിൽ പോർട്ടലിലൂടെ രേഖകൾ അപ്‌ലോഡ് ചെയ്ത് പണം അടയ്ക്കേണ്ടതുണ്ട്. പുതിയ സംവിധാനത്തിൽ ആവശ്യമറിയിച്ചാൽ സിസ്റ്റം തന്നെ രേഖകൾ പരിശോധിച്ച് അപേക്ഷ സമർപ്പിക്കുകയും പണം അടയ്ക്കുകയും ചെയ്യും.
ഡ്രൈവിംഗ് ലൈസൻസ് പുതുക്കൽ, ട്രാഫിക് പിഴ അടയ്ക്കൽ തുടങ്ങിയവ ഒറ്റ നിർദ്ദേശത്തിലൂടെ പൂർത്തിയാക്കാം. വിസ പുതുക്കൽ പോലുള്ള നടപടികൾ ദിവസങ്ങൾക്ക് പകരം മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാകും. വിവിധ മേഖലകളിൽ ഈ മാറ്റം വലിയ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷ. ബിസിനസ് ഉടമകൾക്ക് ലൈസൻസ് അപേക്ഷ സമർപ്പിച്ച് മിനിറ്റുകൾക്കുള്ളിൽ അംഗീകാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Photo and News Source: Siraj Live



