കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണാവകാശമുള്ള കൽപ്പിത സർവകലാശാലയായ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജിയിൽ (ഡി.ഐ.എ.ടി) എം.ടെക് പ്രവേശനത്തിന് വഴിയൊരുങ്ങുന്നു. സ്പോൺസേർഡ്, സെൽഫ് ഫിനാൻസ്, ഗേറ്റ് കാറ്റഗറികളിലായാണ് തിരഞ്ഞെടുക്കുക. സെൽഫ് ഫിനാൻസ് കാറ്റഗറിയിൽ ഫുൾടൈം എം.ടെക്കിന് പ്രവേശനം ലഭിക്കും. ഈ വിഭാഗത്തിൽ സ്കോളർഷിപ്പ് അല്ലെങ്കിൽ അസിസ്റ്റന്റ് ഷിപ്പിന് അർഹതയുണ്ടാകില്ല.

പ്രവേശനത്തിനുള്ള വിഷയങ്ങൾ കമ്പ്യൂട്ടർ സയൻസ്, എയ്റോസ്പേസ്, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, സെൻസർ ടെക്നോളജി തുടങ്ങിയവയാണ്. പ്രത്യേക വിഷയങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗൈഡഡ് മിസൈലുകൾ, മറൈൻ എഞ്ചിനീയറിംഗ്, സിഗ്നൽ പ്രോസസ്സിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, സൈബർ സെക്യൂരിറ്റി തുടങ്ങിയവ ഉൾപ്പെടുന്നു.

യോഗ്യതാ മാനദണ്ഡമനുസരിച്ച്, അനുബന്ധ വിഷയത്തിൽ 55 ശതമാനം മാർക്കോ ആറ് സി.ജി.പി.എ. ഗ്രേഡോടെ ബിരുദം വേണമെന്നാണ്. ഏഴാം സെമസ്റ്റർ വരെ ഒരു വിഷയത്തിലും പരാജയപ്പെടരുത്. തിരഞ്ഞെടുപ്പ് ഡി.ഐ.എ.ടി നടത്തുന്ന മൂന്ന് മണിക്കൂർ എഴുത്തുപരീക്ഷയിലൂടെയാണ്. ബി.ഇ./ബി.ടെക് സിലബസിനെ അടിസ്ഥാനമാക്കിയുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെടുക.

Photo and News Source: Siraj Live