കോഴിക്കോട് ചെറുവണ്ണൂരിൽ ചെരിപ്പ് കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയ അഞ്ചുപേർ പോലീസ് പിടിയിലായി. ഫറോക്ക് ചന്ത സ്വദേശി ആഷിക്. വി (31), കോഴിക്കോട് മുഖദാർ സ്വദേശി മുഹമ്മദ് ആദിൽ (27), ചെറുവണ്ണൂർ മധുര ബസാർ സ്വദേശി ജാസിർ. എ (27), ചെറുവണ്ണൂർ കവുങ്ങിൻ തോടൻ സ്വദേശി മുഹമ്മദ് ജാസിർ. കെ. ടി (22), ഒളവണ്ണ സ്വദേശി മൻസൂർ. പി.ടി (36) എന്നിവരെയാണ് സിറ്റി ഡാൻസാഫും, നല്ലളം പോലീസും ചേർന്ന് പിടികൂടിയത്.

മയക്കുമരുന്ന് ഉപയോഗത്തിനായുള്ള മൂന്ന് ഗ്ലാസ് ടംബ്ലറുകളും, ഇലക്ടോണിക് ത്രാസും, 10,300 രൂപയും പിടിച്ചെടുത്തു. കുറച്ചുദിവസങ്ങളായി നിരീക്ഷണത്തിലായിരുന്ന പ്രതികൾ ചെറുവണ്ണൂർ മധുരബസാറിലെ ഒരു കെട്ടിടത്തിൽ വെച്ചാണ് പിടിയിലായത്. ഗോഡൗണായി ഉപയോഗിച്ചിരുന്ന ഈ കെട്ടിടത്തിൽ എംഡിഎംഎ ചെറിയ പാക്കറ്റുകളായി വിറ്റിരുന്നു. ഫറോക്ക്, ബേപ്പൂർ, മാങ്കാവ്, പന്തീരങ്കാവ്, രാമനാട്ടുകര എന്നിവിടങ്ങളിലെ യുവാക്കൾക്കും വിദ്യാർഥികൾക്കുമായിരുന്നു ലഹരി വിതരണം. സ്‌കൂൾ അവധിക്കാലം ലക്ഷ്യമാക്കിയായിരുന്നു വിൽപ്പന എന്ന് പോലീസ് അറിയിച്ചു.

Photo and News Source: Mathrubhumi