ന്യൂഡൽഹി: മുസ്ലിം സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്നതിന് തടസ്സമില്ലെന്ന് ഓൾ ഇന്ത്യ മുസ്ലിം പേർസണൽ ലോ ബോർഡ് (എഐഎംപിഎൽബി) സുപ്രീംകോടതിയെ അറിയിച്ചു. സ്ത്രീകൾ പള്ളിയിൽ വന്നുതന്നെ നമസ്കരിക്കണമെന്ന നിർബന്ധമില്ലെന്നും വീട്ടിൽ നമസ്കരിക്കുന്നത് പുരുഷൻ പള്ളിയിൽ നമസ്കരിക്കുന്നതിനു തുല്യമാണെന്നും ബോർഡ് വക്താവ് എംആർ ഷംസാദ് കോടതിയെ അറിയിച്ചു.

എന്നാൽ പള്ളിക്കുള്ളിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് നമസ്‌കരിക്കണമെന്നോ പ്രധാനകവാടം വഴിതന്നെ അകത്തുപ്രവേശിക്കണമെന്നോ നിർബന്ധം പിടിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാഹർജികൾ പരിശോധിക്കുന്ന സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് മുന്നിലാണ് ബോർഡ് നിലപാടറിയിച്ചത്.

പള്ളിക്കകത്തു പ്രവേശിക്കുമ്പോൾ സ്വീകരിക്കേണ്ട പരമ്പരാഗത രീതികളുണ്ടെന്നും പ്രധാന കവാടംവഴി പ്രവേശിക്കാനോ പുരുഷന്മാരുമായി വേർതിരിക്കുന്ന മറ നീക്കംചെയ്യാനോ സാധിക്കില്ലെന്നും മുസ്ലിം വ്യക്തിനിയമ ബോർഡ് കോടതിയിൽ വ്യക്തമാക്കി. സ്ത്രീകൾ പള്ളിക്കകത്തു പ്രവേശിക്കുന്നതു തടയരുതെന്ന് പ്രവാചകൻ തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നാൽ സ്ത്രീകൾ പള്ളിയിൽ വന്നു നമസ്കരിക്കണമെന്ന നിർബന്ധമില്ലെന്നും ബോർഡ് കോടതിയെ അറിയിച്ചു.

Photo and News Source: Samakalika Malayalam