ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിൽ നടന്ന ഭീകരപ്രവർത്തന കേസിൽ പ്രതിയുടെ ഉടമസ്ഥതയിലുള്ള 11.5 മാർല ഭൂമി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടുകെട്ടി. 2020-ൽ രജിസ്റ്റർ ചെയ്ത RC-01/2020/NIA/JMU എന്ന കേസിലെ പ്രതി തഫസുല്‍ ഹുസൈനാണ്. യുഎപിഎ, ആയുധ നിയമം, സ്‌ഫോടകവസ്തു നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയിരിക്കുന്നു.

എൻഐഎ ഡെപ്യൂട്ടി സൂപ്രണ്ട് പഞ്ച്കാച്ച് അഗർവാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭൂമി കണ്ടുകെട്ടൽ നടപടി പൂർത്തിയാക്കിയത്. ശ്രീനഗർ നൗഗാമിലെ ഷെയ്ഖുൽ ആലം കോളനി നിവാസിയായ തഫസുല്‍ ഹുസൈന്‍റെ ഉടമസ്ഥതയിലായിരുന്നു ഭൂമി. നിലവിൽ പ്രതി എൻഐഎ കസ്റ്റഡിയിലാണ്.

നൈബ് തഹസീൽദാർ ആഷിഖ് ഹുസൈനും നൗഗാം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറും സാന്നിധ്യത്തിലായിരുന്നു നടപടി. ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സ്രോതസ്സുകൾ തടയുന്നതിന്റെ ഭാഗമായി എൻഐഎ കൂടുതൽ സ്വത്തുക്കളും കണ്ടുകെട്ടാനുള്ള നീക്കത്തിലാണ്. കഴിഞ്ഞ ബുധനാഴ്ച പുല്വാമയിലെ ജയ്‌ഷെ മുഹമ്മദ് പ്രവർത്തകന്റെ സ്വത്തുക്കളും കണ്ടുകെട്ടിയിരുന്നു.

Photo and News Source: Sathyam Online