പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിനു മുകളിൽ ഹെലികോപ്റ്റർ താഴ്ന്നുപറന്ന സംഭവത്തിൽ കോസ്റ്റ് ഗാർഡ് വിശദീകരണം നൽകി. കാലാവസ്ഥ മോശമായതിനെ തുടർന്ന് ഹെലികോപ്റ്റർ ദിശതെറ്റിയെന്നാണ് അവരുടെ വാദം. ഔദ്യോഗിക ദൗത്യമല്ലാത്തതിനാൽ റഡാർ ഉപയോഗിക്കാതെയാണ് യാത്ര നടന്നത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. കൊടിമരത്തിന് അഞ്ചടി മാത്രം ഉയരത്തിലൂടെ ഹെലികോപ്റ്റർ പറന്നതായി ദൃക്സാക്ഷികൾ അറിയിച്ചു. സംഭവത്തെക്കുറിച്ച് എ. ഡി. ജി. പി. എസ്. ശ്രീജിത്തിന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി.

നിലക്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശം അതീവ സുരക്ഷാ മേഖലയാണ്. പോലീസിന്റെ അനുമതിയോടെ മാത്രമേ ഡ്രോണുകൾ പോലും പറത്താൻ കഴിയൂ. ഹെലികോപ്റ്റർ സന്നിധാനത്തെത്തിയത് ജീവനക്കാരും തൊഴിലാളികളും ശ്രദ്ധിച്ചതോടെയാണ് പുറംലോകം അറിയുന്നത്.

Photo and News Source: Mathrubhumi