ഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ സാമ്പത്തിക മേഖലയ്ക്ക് ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബാങ്ക് മേധാവികളുടെ അടിയന്തര യോഗം വിളിച്ചു. ആന്ത്രോപിക് കമ്പനിയുടെ 'മിത്തോസ്' എന്ന പുതിയ എഐ മോഡലിന്റെ ഡാറ്റാ സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള ആഗോള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
ഐടി-റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ബാങ്ക് പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ സൈബർ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ നിർദ്ദേശം ലഭിച്ചു. അമേരിക്കൻ കമ്പനിയായ ആന്ത്രോപിക് വികസിപ്പിച്ച 'ക്ലോഡ് മിത്തോസ്' എന്ന എഐ മോഡൽ ലോകത്തെ പ്രമുഖ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെ സുരക്ഷാ പിഴവുകൾ കണ്ടെത്താനുള്ള കഴിവുള്ളതാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മനുഷ്യരെക്കാളും വേഗത്തിൽ സോഫ്റ്റ്വെയറുകളിലെ പിഴവുകൾ കണ്ടെത്താനും അവ ചൂഷണം ചെയ്യാനും ഈ മോഡലിന് സാധിക്കും. 27 വർഷം പഴക്കമുള്ള സുരക്ഷാ പഴുതുകളെപ്പോലും മിത്തോസ് കണ്ടെത്തിയതായി കമ്പനി അവകാശപ്പെടുന്നു. പൊതുജനങ്ങൾക്ക് റിലീസ് ചെയ്യാനുപോലും അപകടകരമായ ഈ മോഡലിലേക്ക് അടുത്തിടെ അനധികൃത പ്രവേശനം ഉണ്ടായതായി ആന്ത്രോപിക് വെളിപ്പെടുത്തിയിരുന്നു.
ഇത് ആഗോള സാമ്പത്തിക മേഖലയിൽ പരിഭ്രാന്തി ഉളവാക്കിയിരിക്കുന്നു. സാമ്പത്തിക ഇടപാടുകളെയും ഉപഭോക്താക്കളുടെ പണത്തെയും ബാധിക്കാത്ത രീതിയിൽ മുന്നകരുതലുകൾ എടുക്കാൻ ധനമന്ത്രി ബാങ്കുകളോട് ആവശ്യപ്പെട്ടു. രാജ്യത്തെ മികച്ച സൈബർ സുരക്ഷാ പ്രൊഫഷണലുകളെയും ഏജൻസികളെയും ബാങ്കുകൾ നിയമിക്കണം. ബാങ്കുകളുടെ ഡിജിറ്റൽ സംവിധാനങ്ങളും മോണിറ്ററിംഗ് സംവിധാനങ്ങളും നിരന്തരം ശക്തിപ്പെടുത്തണമെന്ന് നിർദ്ദേശിച്ചു.
Photo and News Source: Sathyam Online



