കോട്ടയത്ത് ചൂടുകാരണം പാമ്പുകൾ മാളങ്ങളിൽനിന്ന് പുറത്തിറങ്ങുന്നു. വ്യാഴാഴ്ചയാണ് മൂന്നാമത്തെ പാമ്പുകടിയേറ്റ് മരണമുണ്ടായത്. കളിക്കാൻ പോകുന്ന കുട്ടികൾ കാടുപിടിച്ച ഇടങ്ങളിലേക്ക് പോകരുത്. ശരീരത്തിൽ അസ്വാഭാവിക മുറിവോ നീറ്റലോ കാണുകയാണെങ്കിൽ, വൈകാതെ ആശുപത്രിയിലെത്തിക്കുക. തലകറക്കം, ഛർദി, ശ്വാസതടസ്സം, കണ്ണടഞ്ഞുപോകുക, വയറുവേദന, മൂക്കിലൂടെ രക്തം വരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

കേരളത്തിൽ കാണുന്ന പത്തിൽ താഴെ ഇനം പാമ്പുകൾക്കേ ഉഗ്രവിഷമുള്ളൂ. മൂർഖൻ, വെള്ളിക്കട്ടൻ, അണലി, ചുരുട്ടമണ്ഡലി, മുഴമൂക്കൻ കുഴിമണ്ഡലി, രാജവെമ്പാല എന്നിവയാണ് പ്രധാന വിഷപ്പാമ്പുകൾ. മൂർഖൻ, ചേനത്തണ്ടൻ, വെള്ളിക്കട്ടൻ എന്നിവ മൂലമാണ് മരണസംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ചൂടുകൂടുന്ന മാസങ്ങളിലാണ് പാമ്പുകൾ കൂടുതലായി പുറത്തിറങ്ങുന്നത്. മുട്ട വിരിയുന്ന സമയവും ഇതുതന്നെ. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾ സുരക്ഷിതസ്ഥലം തേടും. വീടുകളിലും മറ്റുമുള്ള തണുപ്പുള്ളിടത്ത് എത്തുന്നു. വിഷപ്പാമ്പിനെ കണ്ടാൽ വനംവകുപ്പിനെ ബന്ധപ്പെടുക. അവർ സുരക്ഷിതമായി പാമ്പിനെ നീക്കും. സേവനം സൗജന്യമാണ്. കെട്ടിടങ്ങൾക്കടുത്തുള്ള മുറ്റം, നടവഴി എന്നിവ വൃത്തിയായി സൂക്ഷിക്കുക. കാടും ചപ്പുചവറുകളും നീക്കം ചെയ്യുക. ഇഷ്ടിക, വിറക്, പാഴ്വസ്തുക്കൾ എന്നിവ കൂട്ടിയിടിക്കരുത്.

Photo and News Source: Mathrubhumi