കൊച്ചി: രാജ്യത്ത് എൽപിജി വിതരണം കാര്യക്ഷമമായി നടക്കുന്നതായി ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ) അറിയിച്ചു. ഏപ്രിൽ 12 മുതൽ 21 വരെയുള്ള കാലയളവിൽ 1.13 കോടി ഗാർഹിക സിലിണ്ടറുകളും 2.8 ലക്ഷം വാണിജ്യ സിലിണ്ടറുകളും വിതരണം ചെയ്തു. 2,22,444 ചെറു സിലിണ്ടറുകളും പെട്രോൾ പമ്പുകൾ, സൂപ്പർ മാർക്കറ്റുകൾ, പ്രാദേശിക സ്റ്റോറുകൾ എന്നിവയിലൂടെ വിതരണം ചെയ്തു.

ബിപിസിഎല്ലിന്റെ വിതരണ ശൃംഖല പൂർണമായും ഉറപ്പാക്കിയിട്ടുണ്ടെന്നും ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം പാചകവാതക സിലിണ്ടറുകൾ ലഭ്യമാക്കാൻ സാധിക്കുന്നതാണെന്നും കമ്പനി അറിയിച്ചു. റിഫൈനറികളിൽ നിന്ന് വിതരണക്കാരരെ ബന്ധിപ്പിക്കുന്ന ബിപിസിഎല്ലിന്റെ സംവിധാനങ്ങൾ ഏകോപിതമായി പ്രവർത്തിക്കുന്നതിനാലാണ് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും തടസമില്ലാതെ പാചകവാതകം വിതരണം ചെയ്യുന്നത്.

നഗരപ്രദേശങ്ങളിലെ സിറ്റി ഗ്യാസ് പദ്ധതി (പിഎൻജി)യും കാര്യക്ഷമമാക്കിയിട്ടുണ്ട്. രാജ്യമൊട്ടാകെ 1,81,405 പിഎൻജി കണക്ഷനുകൾ നൽകിയിട്ടുണ്ട്. രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സംഭരണ ശാലകളിൽ ഉപഭോക്താക്കൾക്ക് ആവശ്യമായ സ്റ്റോക്ക് ഉള്ളതായും ബിപിസിഎൽ വ്യക്തമാക്കി.

Photo and News Source: Janmabhumi