ന്യൂഡൽഹി: ആശുപത്രികളിലെ ഐസിയു വിഭാഗത്തിന് നിശ്ചിത നിലവാരം ഉണ്ടായിരിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഇതിനായി പദ്ധതികൾ തയ്യാറാക്കി സമയബന്ധിതമായി നടപ്പിലാക്കണമെന്ന് ജസ്റ്റിസ് അഹ്‌സാനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവർ നിർദ്ദേശിച്ചു. ഒരു ആഴ്ചക്കുള്ളിൽ വിദഗ്ധരുടെ യോഗം വിളിച്ച് പദ്ധതി തയ്യാറാക്കാൻ ഹെൽത്ത് സെക്രട്ടറിമാരോട് കോടതി ആവശ്യപ്പെട്ടു.

മുഴുവൻ കാര്യങ്ങളും മൂന്നാഴ്ചക്കുള്ളിൽ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജീവനക്കാർ, ഉപകരണങ്ങൾ ഉൾപ്പെടെയുള്ള അഞ്ച് പ്രധാന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. ഐസിയു പ്രവർത്തനത്തിന് അത്യാവശ്യമായ കാര്യങ്ങളിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടത്. പദ്ധതി നടപ്പാക്കുന്നതിനുള്ള തന്ത്രം രൂപീകരിക്കുകയും, നടപ്പാക്കൽ നിരീക്ഷിക്കുകയും ഉറപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

വിദഗ്ധ യോഗങ്ങളിൽ ഹെൽത്ത് സെക്രട്ടറിമാർ നിർബന്ധമായും പങ്കെടുക്കണമെന്നും റിപ്പോർട്ടുകൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് സമർപ്പിക്കണമെന്നും കോടതി വിധിച്ചു. സ്വകാര്യ ആശുപത്രികളിലെ ഐസിയു, സിസിയു വിഭാഗങ്ങളിലെ നിലവാരക്കുറവിനെ കോടതി ചൂണ്ടിക്കാട്ടി.

Photo and News Source: Janmabhumi