ന്യൂഡൽഹിയിൽ വച്ച് തമിഴ് പുതുവർഷമായ പുത്താണ്ടിനോടനുബന്ധിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.

ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിൽ എത്തിയ മോദി, പ്രത്യേക പ്രാർത്ഥനകളിലും പങ്കെടുത്തു. ‘ഉപരാഷ്ട്രപതി തിരു സി.പി. രാധാകൃഷ്ണന് ജിയെ സന്ദർശിക്കുകയും പുത്താണ്ടിന്റെ സവിശേഷ വേളയിൽ ആശംസകൾ അറിയിക്കുകയും ചെയ്തു. എല്ലാവർക്കും നല്ല ആരോഗ്യവും സന്തോഷവും നിറഞ്ഞ ഒരു മികച്ച വർഷത്തിനായി പ്രാർത്ഥിക്കുന്നു,’ എന്ന് എക്‌സിൽ മോദി കുറിച്ചു.

ഉപരാഷ്ട്രപതി ഭവനിൽ വെച്ച് പ്രധാനമന്ത്രിയെ സ്വീകരിച്ച സി.പി. രാധാകൃഷ്ണൻ, പുത്താണ്ടിന് പുറമെ ബൈശാഖി ആശംസകളും കൈമാറി. ‘സമാധാനവും ഐശ്വര്യവും ലോകനന്മയും നിറഞ്ഞ ഒരു പുതുവർഷത്തിനായി ഞങ്ങൾ പ്രാർത്ഥിച്ചു. നമ്മുടെ പൂർവ്വികരുടെ ജ്ഞാനത്തെയും പാരമ്പര്യത്തെയും കുടുംബത്തെയും ആത്മീയതയെയും അച്ചടക്കമുള്ള ജീവിതശൈലിയെയും പുത്തണ്ടെങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്നതിനെക്കുറിച്ച് സംസാരിച്ചു,’ എന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ പറഞ്ഞു.

പുത്തണ്ടിന് പുറമെ ബൈശാഖി, റൊംഗാലി ബിഹു, മഹാ ബിഷുബ പാന സംക്രാന്തി, പൊയ്ല ബൈശാഖ്, വിഷു തുടങ്ങിയ ആഘോഷങ്ങളിലും ഉപരാഷ്ട്രപതി രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ അറിയിച്ചു. ഈ ഉത്സവങ്ങൾ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത’ത്തിന്റെ ചൈതന്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തെ ആഘോഷിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

Photo and News Source: Janam TV