പനമരം: പനമരം-ബീനാച്ചി റോഡിലെ പുഞ്ചവയൽ മുതൽ പനമരം ടൗൺ വരെയുള്ള ഭാഗത്ത് നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നു. മഴക്കാലത്തിനുമുമ്പ് പണി പൂർത്തിയാകുമെന്ന പ്രതീക്ഷ തകരുന്നു. മന്ത്രി ഒ.ആർ. കേളു ഒരു മാസത്തിനുള്ളിൽ അനുബന്ധ റോഡിന്റെ പണി പൂർത്തിയാക്കുമെന്ന് ഉറപ്പുനൽകിയെങ്കിലും അത് പാഴായതായി നാട്ടുകാർ ആരോപിക്കുന്നു.

റോഡ് തകർന്ന് കുഴികൾ നിറഞ്ഞിരിക്കുന്നു. വാഹനങ്ങൾ അടിയുന്നതും അപകടങ്ങൾ സംഭവിക്കുന്നതും ഇവിടെ പതിവായി. പുഞ്ചവയൽ കയറ്റത്തിൽ മണ്ണെടുത്തതോടെ ചെളി നിറഞ്ഞ് ഗതാഗതം തടസ്സപ്പെടുന്നു. രണ്ടുതവണ ഗതാഗതം പൂർണമായി നിരോധിക്കേണ്ടിവന്നു. സമീപത്തെ ഉന്നതിയിലേക്ക് ചെളി ഒലിച്ചിറങ്ങുന്നതായും പരാതികളുണ്ട്.

റോഡിൽ എട്ടു കലുങ്കുകൾ നിർമ്മിക്കേണ്ടതുണ്ട്. മൂന്ന് കലുങ്കുകൾക്കായി ഒരു ഭാഗം പൊളിച്ച് പകുതി നിർമ്മിച്ചെങ്കിലും ബാക്കി പണികൾ ആരംഭിക്കാത്തത് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നു. റോഡ് നന്നാക്കാതെ പാലം ഉദ്ഘാടനം ചെയ്തതും വലിയ പ്രതിഷേധത്തിന് ഇടയാക്കി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ പാപ്പരത്തമാണ് ഇതെന്ന ആരോപണമുയർന്നു. 2019-ൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ ബീനാച്ചി-പനമരം റോഡിന്റെ ദുരവസ്ഥയെ ആറുവർഷം കഴിഞ്ഞിട്ടും പരിഹരിക്കാനായില്ല. യാത്രക്കാർ ദുരിതത്തിലാണ്.

Photo and News Source: Mathrubhumi