കൂറ്റനാട് പ്രദേശത്ത് താപനില വർധിച്ചപ്പോൾ, കുഞ്ഞിക്കുരുവികളും കുടുംബവും അഭയം തേടിയത് ആറങ്ങോട്ടുകര ഗവ. ഐ. ടി. ഐ. സമീപം പൊട്ടിക്കുണ്ടിലുള്ള അഷ്‌റഫിന്റെ വീട്ടിലായിരുന്നു. കൊടുംചൂടിൽ നിന്നും രക്ഷപ്പെടാനായിരുന്നു അവരുടെ ലക്ഷ്യം. ജനലിലൂടെ അകത്തുകടന്ന കുരുവി, കർട്ടൻ തൂക്കിയ പൈപ്പിനും ചുമരിനുമിടയിൽ കൂടുകൂട്ടാൻ തുടങ്ങി. ഇണക്കുരുവിയും സഹായത്തിനെത്തി. രണ്ടുദിവസം കൊണ്ട് കൂട് പണിതീർത്തു. മുട്ടയിട്ട് അടയിരുന്ന കുരുവി, പിന്നീട് കുഞ്ഞുങ്ങളെ വിരിയിച്ചു. വീട്ടുകാർ പൂച്ച പോലും അകത്തേക്ക് കയറ്റിയില്ല.
കഴിഞ്ഞ ദിവസം കൂട്ടിൽ നിന്നും പാഴ് വസ്തുക്കൾ കൊക്കിൽ കോർത്ത് പുറത്തേക്ക് കൊണ്ടുപോകുന്നതും രണ്ട് കുരുവികൾ പരസ്പരം നോക്കി ചിലയ്ക്കുന്നതും കണ്ടു. അമ്മക്കുരുവി പുറത്തുപോയ സമയത്ത് ഗ്രില്ലിൽ കയറി നോക്കിയപ്പോൾ കണ്ണുതുറക്കാത്ത, തൂവലുകൾ മുളയ്ക്കാത്ത രണ്ട് കുഞ്ഞുങ്ങളെ കണ്ടു. അഷ്‌റഫും കുടുംബവും നിശ്ശബ്ദത പാലിച്ചു. അയൽപക്കത്തെ കുട്ടികളും കുരുവിക്കുടുംബത്തെ കാണാൻ എത്തിയിരുന്നു.
Photo and News Source: Mathrubhumi



