പാങ്ങ് ജി.എൽ.പി. സ്‌കൂളിൽ വാൽപ്പാറ അപകടത്തിൽ അഞ്ച് അധ്യാപകർ മരണമടഞ്ഞതോടെ പുതിയ അധ്യാപകരെ നിയമിച്ചു. കെ.കെ. രാഖി, വി.പി. ഫസീല, പി. ഷമീന, അബ്ദുൾ മജീദ് കൊട്ടക്കാരൻ എന്നിവരാണ് പുതിയ അധ്യാപകർ.

സ്കൂളിന്റെ പ്രഥമാധ്യാപകൻ കെ. അഹമ്മദ് കുട്ടി, പുതിയ അധ്യാപകരെ സ്വീകരിച്ചു. പാങ്ങ് സ്വദേശിയായ രാഖി, പറങ്കിമൂച്ചിക്കൽ സ്‌കൂളിൽനിന്നും ഫസീല പുത്തൂർ സ്‌കൂളിൽനിന്നും ഷമീന കല്ലാർമംഗലം സ്‌കൂളിൽനിന്നുമാണ് വരുന്നത്. മജീദ് മാഷിന്റെ സ്ഥാനത്ത് കൊട്ടക്കാരൻ മജീദ് എത്തിയത് പ്രത്യേകതയാണ്.

വിടപറഞ്ഞ അധ്യാപകരെ ഓർത്ത് വിതുമ്പുന്ന രക്ഷിതാക്കൾക്ക് പുതിയ അധ്യാപകർ ആത്മവിശ്വാസം നൽകി. സ്കൂളിലെ കുട്ടികളോട് അവർ കുശലം ചോദിച്ചു. ‘ഇത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്’ എന്ന് നാലുപേരും ഒരേ സ്വരത്തിൽ പറഞ്ഞു. പഞ്ചായത്തംഗങ്ങളും രക്ഷിതാക്കളും പുതിയ അധ്യാപകരെ സ്വീകരിച്ചു.

Photo and News Source: Mathrubhumi