പാലക്കാട് | പാമ്പുകടിയ്ക്കുള്ള പ്രതിവിഷമായ ആന്റിവെനം സംസ്ഥാനത്തുതന്നെ ഉത്പാദിപ്പിക്കാനുള്ള കേരളത്തിന്റെ ശ്രമത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു. രാജ്യത്ത് അഞ്ച് മേഖലകളിൽ മാത്രം കലക്ഷൻ സെന്ററുകൾ പ്രവർത്തിപ്പിക്കണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്. ദക്ഷിണേന്ത്യക്ക് ചെന്നൈ കേന്ദ്രീകരിച്ചുള്ള ഉത്പാദനമാണ് മതിയെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനത്ത് 25 കോടി രൂപ വകയിരുത്തിയ ‘പാമ്പ് വിഷബാധ ജീവഹാനിരഹിത കേരളം’ പദ്ധതിയും അനിശ്ചിതത്വത്തിലായി.

പ്രാദേശികമായി പാമ്പുകളിൽ നിന്നുള്ള വിഷം ശേഖരിച്ച് പ്രതിവിഷം നിർമ്മിക്കാനുള്ള പദ്ധതിയും കേരളം ആസൂത്രണം ചെയ്തിരുന്നു. നിലവിൽ കേരളത്തിലേക്ക് ആന്റിവെനം ലഭിക്കുന്നത് തമിഴ്‌നാട്ടിലെ ഇരുള ട്രൈബൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നാണ്. മൂര്‌ഖൻ, വെള്ളിക്കെട്ടൻ, ചേനത്തണ്ടൻ, ചുരുട്ടമണ്ഡലി തുടങ്ങിയ വിഷമുള്ള പാമ്പുകളുടെ വിഷത്തിനെതിരെയുള്ള പോളിവാലന്റ് ആന്റിവെനാണ് ലഭിക്കുന്നത്.

എന്നാൽ മുഴമൂക്കൻ കുഴിമണ്ഡലി പോലുള്ള ചില ഇനങ്ങളുടെ കടിക്ക് നിലവിൽ പ്രതിവിഷമില്ല. ബെംഗളൂരുവിൽ ഗവേഷണങ്ങൾ തുടരുന്നുണ്ടെങ്കിലും സംസ്ഥാനത്ത് വിവിധ ഇനം പാമ്പുകളുള്ള സാഹചര്യത്തിൽ പ്രാദേശിക വിഷശേഖരണവും പ്രതിവിഷ വികസനവും അനിവാര്യമാണെന്ന് വിദഗ്ധർ സൂചിപ്പിക്കുന്നു. വിഷമില്ലാത്ത പാമ്പുകളുടെ കടിയേറ്റവർക്കും പ്രതിവിഷം പ്രധാനമാണ്.

Photo and News Source: Siraj Live