ശാസ്താംകോട്ടയിലെ ഏഴാംമൈൽ ജങ്ഷനിൽ നിരന്തരം അപകടങ്ങൾ ഉണ്ടാകുന്നതിനാൽ ട്രാഫിക് സിഗ്നലും അപകടമുന്നറിയിപ്പ് സൂചകങ്ങളും അടിയന്തരമായി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിലാണ് ഈ ജങ്ഷൻ. ദേശീയപാതയ്ക്കു കുറുകേയുള്ള പാതയിലൂടെ വാഹനങ്ങൾ നേരെ കടന്നുപോകുന്നതാണ് അപകടത്തിനു പ്രധാന കാരണം.
വേഗത്തിൽ വരുന്ന വാഹനങ്ങൾ പരസ്പരം ഇടിക്കുകയാണ് ഈ ജങ്ഷനിൽ. ഗൂഗിൾ മാപ്പ് നോക്കി വരുന്നവരാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്. തൊട്ടടുത്ത സർക്കാർ എൽ.പി.സ്കൂളിലെ കുട്ടികളും പാത കുറുകേയാണ് പോകുന്നത്. അപകടം പതിവായിട്ടും ഗതാഗതനിയന്ത്രണത്തിനു ഹോം ഗാർഡില്ലാത്തത് പ്രശ്നം കൂടുതൽ വഷളാക്കുന്നു.
പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് വിനു ഐ.നായർ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ചീഫ് എൻജിനിയർക്ക് നിവേദനം നൽകി. സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാതെ ഏഴാംമൈലിലെ അപകടങ്ങൾക്ക് ശാശ്വതപരിഹാരമുണ്ടാക്കാൻ കഴിയില്ലെന്ന് ജങ്ഷനിലെ വ്യാപാരികളും പറയുന്നു. ഏറെക്കാലമായി ഈ ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുന്നവരാണ് അവർ.
Photo and News Source: Mathrubhumi



