തിരുവനന്തപുരം | സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം ആഞ്ഞടിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനിലയുള്ള കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഉഷ്ണതരംഗം ഉണ്ടാകാനുള്ള സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിച്ചു.

കണ്ണൂരിൽ സൂര്യാഘാതത്തെ തുടർന്ന് 37 വയസ്സുള്ള എം.വി. സനൽ കുമാർ മരണമടഞ്ഞു. ബുധനാഴ്ച കിണറിനിർമ്മാണത്തിനിടെ ശാരീരിക അവശത അനുഭവപ്പെട്ട അദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ മരണമടഞ്ഞു. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ മൂന്ന് പേർക്ക് സൂര്യാതപം മൂലം പൊള്ളലേറ്റു.

മലപ്പുറം വണ്ടൂരിലെ നാലുവയസ്സുകാരി ഇസ ജോണിനും, കോഴിക്കോട് വളയത്തെ അങ്കണവാടി അധ്യാപിക അനിലയ്ക്കും, എറണാകുളം കൂത്താട്ടുകുളത്തെ 27 വയസ്സുകാരൻ പാണ്ഡവ ബൈരിനുമാണ് പൊള്ളലേറ്റത്. സാധാരണയേക്കാളും അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാനുള്ള സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസും, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസും, ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസും, തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസുമാണ് താപനില.

Photo and News Source: Siraj Live