ചെന്നൈ: പോളിങ് ബൂത്തിൽ നിന്നും പുറത്തിറങ്ങുമ്പോൾ വിരലിൽ തിളങ്ങുന്ന മഷി ജനാധിപത്യത്തിന്റെ അടയാളം മാത്രമല്ല, ഇന്ത്യൻ ശാസ്ത്രരംഗത്തിന്റെ വിജയവും കൂടിയാണ്. 'ഇൻഡെലിബിൾ ഇങ്ക്' എന്നറിയപ്പെടുന്ന ഈ മഷി വെള്ളം, സോപ്പ് ഉപയോഗിച്ചാലും മായുന്നില്ല. സിൽവർ നൈട്രേറ്റ് അടങ്ങിയിരിക്കുന്നതാണ് ഇതിനു കാരണം. മഷി തേക്കുമ്പോൾ ചർമ്മത്തിലെ പ്രോട്ടീനുകളുമായി പ്രതിപ്രവർത്തിച്ച് ഉപരിതലത്തിൽ പറ്റിപ്പിടിക്കാതെ കോശങ്ങളിലേക്ക് തുളച്ചുകയറുന്നു. ചർമ്മകോശങ്ങൾ കൊഴിഞ്ഞുപോകാൻ നാലാഴ്ചവരെ എടുക്കും.

രാജ്യത്തെ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ഒഴിവാക്കാനും കള്ളവോട്ടുകൾ തടയാനുമായി 1962-ലെ പൊതുതിരഞ്ഞെടുപ്പിൽ ആദ്യമായി ഉപയോഗിച്ചു. ഇന്ന് 30-ലധികം രാജ്യങ്ങൾ ഇന്ത്യയിൽ നിന്നു മഷി ഇറക്കുമതി ചെയ്യുന്നു. കർണാടക സർക്കാരിന്റെ മൈസൂർ പെയിന്റ്‌സ് ആൻഡ് വാർണിഷ് ലിമിറ്റഡാണ് മഷി നിർമ്മിക്കുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് കോടിക്കണക്കിന് മഷിക്കുപ്പികൾ രാജ്യമെമ്പാടുമുള്ള ബൂത്തുകളിലേക്ക് അയയ്ക്കുന്നു. രാസഘടന രഹസ്യമായി തുടരുന്നു.

Photo and News Source: Mathrubhumi