ടെഹ്‌റാനിൽ ഇറാൻ നേതൃത്വം അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പരിഹാസത്തിന് മറുപടി നൽകി. ട്രംപ് ഇറാനിലെ ഭരണനേതൃത്വത്തിൽ കടുത്ത ഭിന്നതയുണ്ടെന്നും, നേതാവിനെ തിരഞ്ഞെടുക്കാൻ കഴിയുന്നില്ലെന്നുമായിരുന്നു പരിഹാസം. ഇറാൻ പ്രസിഡന്റ് എം. പേഷെഷ്കിയനും പാർലമെന്റ് സ്പീക്കർ എം.ബി. ഖാലിബാഫും സംയുക്ത പ്രസ്താവനയിൽ ഇറാനിൽ ചേരിതിരിവില്ലെന്നും രാജ്യം 'ഉരുക്ക് ഐക്യ'ത്തോടെ (Iron Unity) നിലകൊള്ളുമെന്നും വ്യക്തമാക്കി.

ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പരിഹാസം. ഇറാൻ ഭരണകൂടത്തിലെ അധികാര തർക്കത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. എന്നാൽ ഇറാൻ നേതൃത്വം പൂർണ്ണമായും ഈ അവകാശവാദത്തെ നിഷേധിച്ചു. 'ഇറാനിലെ എല്ലാവരും വിപ്ലവകാരികളാണ്. ജനങ്ങളും ഗവൺമെന്റും സുപ്രീം നേതാവിന് കീഴിൽ അനുസരണയോടെ പ്രവർത്തിക്കുന്നു' എന്നാണ് പേഷെഷ്കിയനും ഖാലിബാഫും പറഞ്ഞത്.

വിദേശ വെല്ലുവിളികൾ നേരിടുമ്പോൾ ഇറാൻ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന സന്ദേശമാണ് ഈ സംയുക്ത പ്രസ്താവനയിലൂടെ ടെഹ്‌റാൻ നൽകുന്നത്. ആക്രമണകാരിയായ കുറ്റവാളിയെ തങ്ങളുടെ പ്രവൃത്തികളിൽ പശ്ചാത്തപിപ്പിക്കുമെന്നും, പരമാധികാരത്തിന് നേരെയുള്ള നീക്കങ്ങളെ 'ഉരുക്കുമുഷ്ടി' കൊണ്ട് നേരിടുമെന്നും അവർ വ്യക്തമാക്കി.

Photo and News Source: Kvartha