മഴക്കാലം എത്തുന്നതോടെ റോഡുകളിലെ അപകടസാധ്യതകളും വര്‍ദ്ധിക്കുന്നു. കാഴ്ച മങ്ങുന്നതും, റോഡിലെ തെന്നലും, ഹൈഡ്രോ പ്ലേനിംഗ് സാധ്യതകളും ഡ്രൈവര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വെളിച്ചക്കുറവും മഴയും കാരണം സൈക്കിള്‍ യാത്രക്കാരെയും കാല്‍നടയാത്രക്കാരെയും തിരിച്ചറിയാന്‍ ബുദ്ധിമുട്ടാകും. അതിനാല്‍, സൈക്കിള്‍ യാത്രക്കാര്‍ റിഫ്‌ളക്ടീവ് ജാക്കറ്റുകളോ ഇളം നിറത്തിലുള്ള വസ്ത്രങ്ങളോ ധരിക്കാന്‍ ശ്രദ്ധിക്കണം.
മഴക്കാലത്തിന് മുന്നോടിയായി വാഹനത്തിന്റെ കൃത്യമായ സര്‍വീസ് നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ടയറുകളുടെ അവസ്ഥയാണ് ഇതില്‍ ഏറ്റവും പ്രധാനം. ടയറിലെ ത്രെഡ് കുറവാണെങ്കില്‍ നനഞ്ഞ റോഡില്‍ വാഹനം തെന്നിപ്പോകാന്‍ സാധ്യതയുണ്ട്. ടയര്‍ പ്രഷര്‍ കൃത്യമായി നിലനിര്‍ത്തുകയും ബ്രേക്ക് സംവിധാനം, ബ്രേക്ക് പാഡുകള്‍, ബ്രേക്ക് ഓയില്‍ എന്നിവയുടെ കാര്യക്ഷമത ഉറപ്പുവരുത്തുകയും വേണം. എബിഎസ് ഉള്ള വാഹനങ്ങളില്‍ ബ്രേക്കിംഗ് സംവിധാനം ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
കാഴ്ച വ്യക്തമാക്കുന്നതില്‍ വൈപ്പറുകള്‍ക്ക് വലിയ പങ്കുണ്ട്. പഴകിയ വൈപ്പര്‍ ബ്ലേഡുകള്‍ മഴവെള്ളം നീക്കം ചെയ്യാന്‍ പ്രയാസപ്പെടും, ഇത് ഡ്രൈവിംഗിനിടെ കാഴ്ച മങ്ങാന്‍ കാരണമാകും. അതിനാല്‍ വൈപ്പറുകളും വിന്‍ഡ് ഷീല്‍ഡ് വാഷര്‍ സിസ്റ്റവും പരിശോധിച്ച് ആവശ്യമെങ്കില്‍ മാറ്റി സ്ഥാപിക്കണം. കൂടാതെ, എമര്‍ജന്‍സി കിറ്റ്, ടോര്‍ച്ച്, ജമ്പ് കേബിള്‍, ഫസ്റ്റ് എയ്ഡ് കിറ്റ്, ടയര്‍ ഇന്‍ഫ്‌ലേറ്റര്‍ എന്നിവ വാഹനത്തില്‍ കരുതുന്നത് അടിയന്തര സാഹചര്യങ്ങളില്‍ ഏറെ സഹായകമാകും.
സുരക്ഷിതമായ ഡ്രൈവിംഗിനായി വാഹനത്തിന്റെ ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ഭാഗങ്ങളുടെ ക്ഷമത ഉറപ്പുവരുത്തുക. മഴയുള്ള സമയങ്ങളില്‍ വേഗത കുറച്ച്, ജാഗ്രതയോടെ വാഹനം ഓടിക്കുന്നത് അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
Photo and News Source: Suprabhaatham







