നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തി നൽകാമെന്ന് പ്രലോഭിപ്പിച്ച് വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ ലഖ്‌നൗ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ പരംജിത് സിങ് അറസ്റ്റിലായി. ചോദ്യപേപ്പർ കൈമാറാനെന്ന വ്യാജേന പെൺകുട്ടിയെ തനിച്ച് കാണാൻ നിർബന്ധിക്കുന്ന അധ്യാപകന്റെ ഫോൺ സംഭാഷണം പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. തനിക്ക് ചോദ്യപേപ്പറിന്റെ ആവശ്യമില്ലെന്ന് വിദ്യാർത്ഥിനി ആവർത്തിച്ചു പറഞ്ഞിട്ടും, പരീക്ഷയ്ക്ക് മുൻപ് തന്നെ നേരിൽ കാണണമെന്ന് അധ്യാപകൻ നിരന്തരം ആവശ്യപ്പെടുകയായിരുന്നു.
ബിഎസ്‌സി സുവോളജി വിദ്യാർത്ഥിനിയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി ഓഡിയോ ക്ലിപ്പുകൾ സർവകലാശാലാ അധികൃതർക്ക് കൈമാറിയത്. ചോദ്യപേപ്പർ നൽകുക എന്നതിലുപരി, തന്നെ ലൈംഗികമായി ചൂഷണം ചെയ്യാനാണ് അധ്യാപകൻ ശ്രമിക്കുന്നതെന്ന് പെൺകുട്ടി ഓഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ സർവകലാശാലാ പരീക്ഷാ കൺട്രോളർ പോലീസിൽ പരാതി നൽകുകയും അന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തു.
സംഭവത്തിൽ പോലീസ് കേസെടുത്ത് പരംജിത് സിങ്ങിനെ കസ്റ്റഡിയിലെടുത്തു. എന്നാൽ, തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച അധ്യാപകൻ, സർവകലാശാലയിലെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ ഭാഗമായി തന്നെ കുടുക്കാൻ ശ്രമിക്കുകയാണെന്നാണ് വാദിക്കുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Photo and News Source: Pathram Online







