മാധവനും മീര ജാസ്മിനും ഒന്നിച്ച് അഭിനയിച്ച ജനപ്രിയ ചിത്രം 'റണ്‍' റീ-റിലീസ് ചെയ്യുന്ന തിയതി മാറ്റിവച്ചു. ഏപ്രിൽ 24-നായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ, നിര്‍മാതാക്കളുടെ മറ്റൊരു ചിത്രം 'ശിവകാശി' ആ ദിവസം റിലീസ് ചെയ്യുന്നതിനാലാണ് തിയതി മാറ്റിയത്. സംവിധായകൻ ലിംഗുസാമി പുതിയ തിയതി ഉടൻ പ്രഖ്യാപിക്കുമെന്ന് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി. ദീര്‍ഘമായ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തത്. 2002-ൽ പുറത്തിറങ്ങിയ 'റണ്‍' ലിംഗുസാമിയുടെ തമിഴ് സിനിമയിലെ വലിയ വിജയമായിരുന്നു.

ശ്രീരംഗം സ്വദേശിയായ ശിവയും (മാധവൻ), ഗുണ്ടാനേതാവിന്റെ സഹോദരിയായ പ്രിയയും (മീര ജാസ്മിന്‍) തമ്മിലുള്ള പ്രണയവും സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിവേകിന്റെ കോമഡി രംഗങ്ങളും വിദ്യാസാഗരുടെ ഗാനങ്ങളും ഇന്നും പ്രേക്ഷകരുടെ ഇഷ്ടവിഷയമാണ്. അടുത്തിടെ തെന്നിന്ത്യൻ സിനിമയിൽ റീ-റിലീസുകൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന പശ്ചാത്തലത്തിലാണ് 'റണ്‍' റീ-റിലീസിനായി ഒരുങ്ങുന്നത്.

Photo and News Source: Sathyam Online