നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മുൻ മുഖ്യമന്ത്രിയും നിയുക്ത പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചു. തിരുവനന്തപുരത്തെ പിണറായിയുടെ വസതിയിൽ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കൂടിക്കാഴ്ച. പിണറായി വിജയനും കുടുംബാംഗങ്ങളും ചേർന്ന് സതീശനെ സ്വീകരിച്ചു. സിപിഎം നേതാക്കളായ വി.കെ. പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ എന്നിവരും സന്ദർശന വേളയിൽ സന്നിഹിതരായിരുന്നു.
സന്ദർശനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, മുൻ സർക്കാർ ആരംഭിച്ച വികസന പ്രവർത്തനങ്ങൾ തുടരുമോ എന്ന ചോദ്യത്തിന് സതീശൻ മറുപടി നൽകി. മുൻപ് വിമർശിച്ച കാര്യങ്ങളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും, എന്നാൽ ഒരു സർക്കാരിന്റെ തുടർച്ചയെന്ന നിലയിൽ വികസന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അല്ലാത്തപക്ഷം കേരളത്തിൽ വികസനം സാധ്യമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐസിസി വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവായി സിപിഎം സംസ്ഥാന സമിതി തിരഞ്ഞെടുത്തത്. കഴിഞ്ഞ അഞ്ച് വർഷം നിയമസഭയിൽ സതീശൻ പ്രതിപക്ഷ നേതാവും പിണറായി മുഖ്യമന്ത്രിയുമായിരുന്നു. ഇനി സതീശൻ മുഖ്യമന്ത്രിയായും പിണറായി പ്രതിപക്ഷ നേതാവായും നിയമസഭയിൽ നേർക്കുനേർ എത്തും.
Photo and News Source: Pathram Online









