പെട്രോൾ, ഡീസൽ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ വാഹനപ്രേമികൾക്ക് ആശ്വാസമായി ടാറ്റ സിയറയുടെ ഇലക്ട്രിക് പതിപ്പ് വിപണിയിലേക്ക് എത്തുന്നു. 1991 മുതൽ 2003 വരെ ഇന്ത്യൻ നിരത്തുകളിൽ തരംഗം സൃഷ്ടിച്ച സിയറ, 22 വർഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ നവംബറിൽ ഐസിഇ (ICE) പതിപ്പിലൂടെ തിരിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിയറ ഇവി (Sierra EV) പുറത്തിറങ്ങുന്നത്.
പ്രമുഖ ഓട്ടോമൊബൈൽ പോർട്ടലായ കാർവാലെയുടെ റിപ്പോർട്ടുകൾ പ്രകാരം, 2026-27 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ അതായത് ജൂലൈ-സെപ്റ്റംബർ മാസങ്ങൾക്കിടയിൽ വാഹനം ഔദ്യോഗികമായി വിപണിയിലെത്തും. ടാറ്റയുടെ അത്യാധുനിക 'Acti.ev' പ്ലാറ്റ്‌ഫോമിലാണ് ഈ മിഡ്‌സൈസ് ഇലക്ട്രിക് എസ്‌യുവി നിർമ്മിക്കുന്നത്. ടാറ്റ കർവ് ഇവിയുമായി സാങ്കേതികമായി ഏറെ സാമ്യമുള്ളതായിരിക്കും പുതിയ സിയറ.
ഉയർന്ന വേരിയന്റുകളിൽ 55 kWh ബാറ്ററി പായ്ക്ക് പ്രതീക്ഷിക്കാം. ഇത് ഒറ്റത്തവണ ചാർജ് ചെയ്താൽ ഏകദേശം 502 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ സാധ്യതയുണ്ട്. ബജറ്റ് ഉപഭോക്താക്കൾക്കായി കുറഞ്ഞ ശേഷിയുള്ള ബാറ്ററി ഓപ്ഷനും കമ്പനി അവതരിപ്പിച്ചേക്കും. ട്രിപ്പിൾ സ്‌ക്രീൻ ലേഔട്ട് ഉൾപ്പെടെയുള്ള അത്യാധുനിക ഫീച്ചറുകൾ സിയറ ഇവിയുടെ പ്രധാന ആകർഷണമായിരിക്കും.
ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പാസഞ്ചർ സീറ്റിന് മുന്നിലുള്ള പ്രത്യേക സ്‌ക്രീൻ എന്നിവ ക്യാബിനെ കൂടുതൽ പ്രീമിയമാക്കും. കൂടാതെ, iRA കണക്റ്റഡ് കാർ സാങ്കേതികവിദ്യ, വോയ്‌സ് കമാൻഡ് വഴി നിയന്ത്രിക്കാവുന്ന പനോരമിക് സൺറൂഫ്, വയർലെസ് ചാർജിംഗ് തുടങ്ങിയ 76-ലധികം ഫീച്ചറുകൾ വാഹനത്തിലുണ്ടാകും. സുരക്ഷയ്ക്കായി ലെവൽ 2 ADAS സാങ്കേതികവിദ്യയും സിയറ ഇവിയിൽ ഉൾപ്പെടുത്തും.
Photo and News Source: DriveSpark







