ഇന്ത്യൻ വാഹന വിപണിയിൽ മാരുതി സുസുക്കിയുടെ ജനപ്രീതിക്ക് പ്രധാന കാരണം അവരുടെ കാറുകൾ നൽകുന്ന മികച്ച ഇന്ധനക്ഷമതയാണ്. ഡീസൽ എഞ്ചിനുകൾക്ക് വിട നൽകിയ ശേഷം ഹൈബ്രിഡ് സാങ്കേതികവിദ്യയിലേക്ക് മാറിയ കമ്പനി, ഗ്രാൻഡ് വിറ്റാരയിലൂടെയും ഹൈറൈഡറിലൂടെയും വലിയ വിജയമാണ് കൈവരിച്ചത്. ഇതിന്റെ തുടർച്ചയായി, ചെലവ് കുറഞ്ഞ 'സീരീസ് ഹൈബ്രിഡ്' സാങ്കേതികവിദ്യ ഉപയോഗിച്ച് ഏഴോളം പുതിയ ഹൈബ്രിഡ് മോഡലുകൾ പുറത്തിറക്കാൻ മാരുതി ഒരുങ്ങുകയാണ്.
മാരുതി ഫ്രോങ്ക്‌സ് ആയിരിക്കും ഈ സാങ്കേതികവിദ്യ ആദ്യം സ്വീകരിക്കുന്ന മോഡൽ. 2027-ഓടെ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫ്രോങ്ക്‌സ് ഹൈബ്രിഡ്, 35 കിലോമീറ്ററിലധികം മൈലേജ് നൽകാൻ ശേഷിയുള്ളതായിരിക്കും. 1.2 ലിറ്റർ ത്രീ-സിലിണ്ടർ പെട്രോൾ എഞ്ചിൻ അടിസ്ഥാനമാക്കിയുള്ള ഈ സംവിധാനം, വാഹനത്തിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കും. 10 മുതൽ 15 ലക്ഷം രൂപ വരെയായിരിക്കും ഇതിന്റെ പ്രതീക്ഷിക്കുന്ന എക്സ്-ഷോറൂം വില.
കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളായ സ്വിഫ്റ്റ്, ഡിസയർ, ബലേനോ എന്നിവയിലും ഇതേ ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭ്യമാകും. സ്വിഫ്റ്റിലും ഡിസയറിലും 1.2 ലിറ്റർ Z12E എഞ്ചിൻ അധിഷ്ഠിത ഹൈബ്രിഡ് സംവിധാനമാണ് ഉപയോഗിക്കുക. ഇത് നിലവിലെ കച്ചവടം ഇരട്ടിയാക്കാൻ കമ്പനിയെ സഹായിക്കുമെന്നാണ് വിലയിരുത്തൽ. ബലേനോയിലും സമാനമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
കൂടാതെ, മാരുതിയുടെ ജനപ്രിയ എംപിവികളായ എർട്ടിഗ, XL6 എന്നിവയിലും ഹൈബ്രിഡ് സാങ്കേതികവിദ്യ എത്തിക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. കുടുംബങ്ങൾക്കായി കൂടുതൽ മൈലേജും സൗകര്യങ്ങളും നൽകുന്ന വാഹനങ്ങളായി ഇവ മാറുമെന്നതിൽ സംശയമില്ല. ഹൈബ്രിഡ് കാറുകളുടെ വരവോടെ ഇന്ത്യൻ നിരത്തുകളിൽ മാരുതി സുസുക്കി തങ്ങളുടെ ആധിപത്യം കൂടുതൽ ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്.
Photo and News Source: DriveSpark







