മിഡിൽ ഈസ്റ്റിലെ നിലവിലെ സംഘർഷാവസ്ഥ ടൂറിസം മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, ടൂറിസം സംരംഭകർക്ക് വായ്പാ തിരിച്ചടവുകളിൽ മൊറട്ടോറിയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ട്രാവൽ മാർട്ട് (കെ.ടി.എം) സൊസൈറ്റി കേന്ദ്ര സർക്കാരിന് നിവേദനം നൽകി. വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടതും യാത്രാ തടസ്സങ്ങളും വിദേശ വിനോദസഞ്ചാരികളുടെ വരവിൽ വലിയ കുറവുണ്ടാക്കിയിട്ടുണ്ട്.

ഹോട്ടലുകൾ, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജൻസികൾ തുടങ്ങി ടൂറിസം മേഖലയിലെ എല്ലാ വിഭാഗങ്ങളെയും ഈ പ്രതിസന്ധി സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനു പുറമെ, വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വില വർധനവ് സ്ഥാപനങ്ങളുടെ പ്രവർത്തനച്ചെലവ് കുത്തനെ ഉയർത്തി. വിദേശ സഞ്ചാരികളുടെ സീസൺ അല്ലാത്തതിനാൽ വരുമാനം ഇല്ലാത്ത അവസ്ഥയിൽ വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെ നട്ടംതിരിയുകയാണ് സംരംഭകർ.

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് കെ.ടി.എം പ്രസിഡന്റ് ജോസ് പ്രദീപ് സമർപ്പിച്ച നിവേദനത്തിൽ, വായ്പകൾക്കും പലിശയ്ക്കും ഒരു വർഷത്തെ മൊറട്ടോറിയം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു. മൊറട്ടോറിയം പ്രഖ്യാപിക്കുമ്പോൾ അത് വായ്പക്കാരുടെ ക്രെഡിറ്റ് റേറ്റിംഗിനെ ബാധിക്കില്ലെന്ന് ഉറപ്പാക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകണമെന്നും നിവേദനത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

കോവിഡ് കാലത്ത് നടപ്പിലാക്കിയ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്‌കീം മാതൃകയിൽ, ടൂറിസം മേഖലയ്ക്ക് പ്രവർത്തന മൂലധനം ലഭ്യമാക്കുന്നതിനായി പ്രത്യേക സാമ്പത്തിക സഹായ പദ്ധതി ആവിഷ്കരിക്കണമെന്നും കെ.ടി.എം ആവശ്യപ്പെടുന്നു. മേഖലയുടെ അതിജീവനത്തിന് കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്ന് കെ.ടി.എം ചൂണ്ടിക്കാട്ടുന്നു.

Photo and News Source: Dhanam