ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ടുകൊണ്ട് സൂര്യ നായകനായി എത്തുന്ന 'കറുപ്പ്' തിയേറ്ററുകളിൽ എത്തി. സാമ്പത്തിക പ്രതിസന്ധികൾ കാരണം റിലീസ് വൈകിയ ചിത്രം വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് പ്രദർശനം ആരംഭിച്ചത്. തമിഴ്നാട് സർക്കാർ പ്രത്യേക പ്രദർശനങ്ങൾക്ക് അനുമതി നൽകിയിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം ആദ്യ ഷോ മുടങ്ങിയിരുന്നു. എന്നാൽ, ഈ തടസ്സങ്ങൾ പരിഹരിച്ചതോടെ ചിത്രം കാണാൻ പ്രേക്ഷകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ചിത്രത്തിന്റെ ആദ്യ ഷോ കാണാനായി സംവിധായകൻ ആർ.ജെ. ബാലാജി, കാർത്തി, തൃഷ, സംഗീത സംവിധായകൻ സായി അഭ്യാങ്കർ എന്നിവർ തിയേറ്ററിലെത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റമാണ് ചിത്രം കാഴ്ചവെക്കുന്നത്. തമിഴ്നാട്ടിലും കേരളത്തിലും വലിയ രീതിയിലുള്ള ബുക്കിംഗാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
രണ്ടു പതിറ്റാണ്ടുകൾക്കുശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മുൻപ് ചെയ്ത വേഷങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഇരുവരും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. കൂടാതെ, സായി അഭ്യാങ്കറിന്റെ സംഗീതവും ചിത്രത്തിന് വലിയ കരുത്താകുന്നുണ്ട്.
മലയാളി താരം ഇന്ദ്രൻസ് ഉൾപ്പെടെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. നട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ആദ്യ ഷോകൾ കഴിയുമ്പോൾ തന്നെ മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ ചിത്രം വലിയൊരു ബോക്സ് ഓഫീസ് ഹിറ്റായി മാറുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Photo and News Source: Sathyam Online










