തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് സെക്രട്ടേറിയറ്റിലെ തന്റെ പ്രവർത്തനശൈലിയിലൂടെ ശ്രദ്ധേയനാകുന്നു. ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥനെപ്പോലെ കൃത്യസമയത്ത് ഓഫീസിലെത്തുന്ന വിജയ്, സ്വന്തമായി ഉച്ചഭക്ഷണവും കരുതിയാണ് എത്തുന്നത്. ഓഫീസിലെ മുറിയിൽ വെച്ചുതന്നെ ഭക്ഷണം കഴിക്കുന്ന അദ്ദേഹത്തിന്റെ ലാളിത്യം സെക്രട്ടേറിയറ്റിലെ ജീവനക്കാർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
മേയ് പത്തിന് അധികാരമേറ്റതു മുതൽ വിജയ് തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങുകൾക്കും നിയമസഭാ സമ്മേളനങ്ങൾക്കും നിശ്ചയിച്ച സമയത്തിന് വളരെ മുൻപേ തന്നെ അദ്ദേഹം വേദിയിലും സെക്രട്ടേറിയറ്റിലും എത്തിച്ചേരാറുണ്ട്. സമയനിഷ്ഠ പാലിക്കുന്നതിലും ഔദ്യോഗിക കാര്യങ്ങളിൽ ഇടപെടുന്നതിലും അദ്ദേഹം കാണിക്കുന്ന ജാഗ്രത ഉദ്യോഗസ്ഥർക്കിടയിൽ വലിയ മതിപ്പുണ്ടാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ 9.55-ന് ഓഫീസിലെത്തിയ വിജയ്, ഉദ്യോഗസ്ഥരുമായി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തിയ ശേഷം വൈകീട്ട് നാല് മണിയോടെയാണ് മടങ്ങിയത്. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും സെക്രട്ടേറിയറ്റിലെ ജീവനക്കാരും പറയുന്നത്, ഒരു മുഖ്യമന്ത്രിയുടെ ജാഡകളില്ലാതെ വളരെ സാധാരണക്കാരനെപ്പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നാണ്. ഈ ലാളിത്യം ഭരണതലത്തിൽ വലിയൊരു മാറ്റത്തിന്റെ തുടക്കമായാണ് പലരും നോക്കിക്കാണുന്നത്.
Photo and News Source: Mathrubhumi







