പ്രശസ്ത തെലുങ്ക് താരം റാം പോത്തിനേനി സംവിധായകന്റെ കുപ്പായമണിയുന്നു. തന്റെ കരിയറിലെ 23-ാമത്തെ ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നത്. റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനിയാണ് ചിത്രം നിർമ്മിക്കുന്നത്. തന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് താരം ഈ പുതിയ പ്രഖ്യാപനം നടത്തിയത്.
തെലുങ്ക് സിനിമയിൽ അപൂർവ്വമായി മാത്രം കാണാറുള്ള സ്റ്റൈലിഷ് സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമായിരിക്കും ഇത്. എൻ.ടി.ആർ, കൃഷ്ണ, പവൻ കല്യാൺ തുടങ്ങിയ മുൻനിര താരങ്ങൾ സംവിധായകരായി മാറിയ അതേ പാതയിലാണ് ഇപ്പോൾ റാം പോത്തിനേനിയും സഞ്ചരിക്കുന്നത്. നേരത്തെ തന്റെ മുൻ ചിത്രത്തിലൂടെ ഗായകനായും ഗാനരചയിതാവായും അദ്ദേഹം കഴിവ് തെളിയിച്ചിരുന്നു.
ചിത്രത്തിന്റെ പ്രഖ്യാപനത്തോടൊപ്പം റാം പോത്തിനേനിയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ലെതർ ജാക്കറ്റ് ധരിച്ച താരത്തിന്റെ ചിത്രമുള്ള പോസ്റ്ററിൽ 'ദ സ്റ്റോറി ഓഫ് എ ലോൺ വൂൾഫ്' എന്ന ടാഗ് ലൈനും നൽകിയിട്ടുണ്ട്. ഏകാന്തതയും സങ്കീർണ്ണമായ മാനസികാവസ്ഥയും പേറുന്ന ഒരു നായകനെയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത് എന്ന് പോസ്റ്റർ സൂചന നൽകുന്നു.
Photo and News Source: Newsthen










