സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനം. ഇരുവരുടെയും പ്രവർത്തന ശൈലി ജനങ്ങൾക്ക് സ്വീകാര്യമായില്ലെന്നും, നേതൃത്വം നിലപാടുകൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ അണികൾ തന്നെ അത് തിരുത്തിക്കുമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയം ഇതിന് തെളിവായി നേതാക്കൾ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ പല പ്രസ്താവനകളും തിരഞ്ഞെടുപ്പിൽ പാർട്ടിയ്ക്ക് തിരിച്ചടിയായെന്ന് യോഗത്തിൽ വിലയിരുത്തലുണ്ടായി. ജില്ലാ നേതൃത്വത്തിനെതിരെയും വിമർശനങ്ങൾ ഉയർന്നു. പയ്യന്നൂരിലെ സ്ഥാനാർത്ഥി വി. കുഞ്ഞികൃഷ്ണനെ പാർട്ടി അവഗണിച്ചതും, പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയ തീരുമാനവും വലിയ പിഴവുകളായി മാറി. ഭരണവിരുദ്ധ വികാരത്തേക്കാൾ ഉപരിയായി നേതാക്കളുടെ ശൈലിയാണ് പരാജയത്തിന് വഴിയൊരുക്കിയതെന്ന് അണികളുടെ വികാരം ഉൾക്കൊണ്ട് നേതാക്കൾ തുറന്നടിച്ചു.

പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിലും സമാനമായ വിമർശനങ്ങൾ ഉയർന്നിരുന്നു. പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകിയത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മാത്രമാണെന്നും, തോൽവിക്ക് ശേഷം അദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കിയ തീരുമാനം തെറ്റാണെന്നും അത് റദ്ദാക്കണമെന്നും ആവശ്യമുയർന്നു. കണ്ണൂരിലെ സംഘടനാ പ്രതിസന്ധികളിൽ എം.വി. ഗോവിന്ദൻ സ്വന്തം കുടുംബാംഗങ്ങളെ മാത്രം പിന്തുണച്ചുവെന്നും, മുഖ്യമന്ത്രിയുടെ ഓഫീസ് പാർട്ടിക്ക് അന്യമായെന്നും യോഗത്തിൽ പങ്കെടുത്ത കേന്ദ്ര-സംസ്ഥാന നേതാക്കൾ കുറ്റപ്പെടുത്തി. പാർട്ടി പ്രവർത്തകർക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്നും യോഗത്തിൽ രൂക്ഷമായ വിമർശനമുയർന്നു.

Photo and News Source: Kerala Kaumudi Latest