കൊച്ചി: പശ്ചിമഘട്ടത്തിലെ തുമ്പിവർഗ്ഗങ്ങളുടെ എണ്ണത്തിൽ 35 ശതമാനം കുറവുണ്ടായതായി പഠനത്തിൽ വ്യക്തമായി. 2021 ഫെബ്രുവരി മുതൽ 2023 മാർച്ച് വരെ അഞ്ച് സംസ്ഥാനങ്ങളിലായി നടത്തിയ സർവേയിൽ, 65 ശതമാനം ഇനങ്ങളെ മാത്രമേ കണ്ടെത്താനായുള്ളൂ.
ബാക്കിയുള്ള 35 ശതമാനത്തോളം വർഗ്ഗങ്ങളുടെ അപ്രത്യക്ഷത പശ്ചിമഘട്ടത്തിലെ ശുദ്ധജല ആവാസവ്യവസ്ഥയുടെ തകർച്ചയെ സൂചിപ്പിക്കുന്നു. പരിസ്ഥിതിയുടെ ആരോഗ്യത്തിന്റെ സൂചകങ്ങളായി കണക്കാക്കപ്പെടുന്ന തുമ്പികളുടെ കുറവ് ജലസ്രോതസ്സുകളുടെ നാശത്തിന് നിദാനമാണ്.
പൂനെ എംഐടി-ഡബ്ല്യുപിയുവിലെ ഡോ. പങ്കജ് കോപ്പർഡെ, അരാജുഷ് പൈറ, അമേയ് ദേശ്പാണ്ഡെ എന്നിവരും കേരളത്തിലെ സൊസൈറ്റി ഫോർ ഒഡൊണേറ്റ് സ്റ്റഡീസിലെ റെജി ചന്ദ്രനും ചേർന്ന സംഘമാണ് 144 കേന്ദ്രങ്ങളിൽ സർവേ നടത്തിയത്. ആകെ 143 ഇനം തുമ്പികളിൽ 40 എണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നവയാണ്.
കേരളത്തിലാണ് ഏറ്റവും കൂടുതൽ പ്രാദേശിക ഇനങ്ങളെ തിരിച്ചറിഞ്ഞത്. ഇവിടെ 14 കേന്ദ്രങ്ങളിൽ നിന്നായി 33 പ്രാദേശിക ഇനങ്ങളുൾപ്പെടെ 83 തരം തുമ്പികളെ രേഖപ്പെടുത്തി. അടിസ്ഥാന സൗകര്യ വികസനം, മലിനീകരണം, അണക്കെട്ടുകൾ, കാലാവസ്ഥാ വ്യതിയാനം എന്നിവ ഇവയുടെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്തുന്നു.
Photo and News Source: Sathyam Online


