വിദേശ ആഡംബര വാഹനങ്ങൾ അനധികൃതമായി ഇന്ത്യയിലേക്ക് കടത്തുന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നടൻ ദുൽഖർ സൽമാന്റെ വാഹനവും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. 'ഓപ്പറേഷൻ നുംഖോർ' എന്ന പേരിൽ കസ്റ്റംസ് നടത്തിവരുന്ന വ്യാപക പരിശോധനയുടെ ഭാഗമായാണ് കളമശ്ശേരിയിലെ ഒരു കാർ ഷോറൂമിൽ നിന്ന് വാഹനം പിടിച്ചെടുത്തത്.
അടുത്തിടെ പുറത്തിറങ്ങിയ 'ലക്കി ഭാസ്കർ' എന്ന ചിത്രത്തിൽ ഉപയോഗിച്ചിരുന്ന വിന്റേജ് മോഡൽ വാഹനമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് അനധികൃതമായി ഇന്ത്യയിലേക്ക് കടത്തിയതാണ് ഈ വാഹനമെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക കണ്ടെത്തൽ. നേരത്തെയും ഇതേ ഓപ്പറേഷന്റെ ഭാഗമായി ദുൽഖറിന്റെയും മറ്റ് താരങ്ങളുടെയും വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തിരുന്നുവെങ്കിലും പിന്നീട് കോടതി ഉത്തരവിലൂടെ അവ വിട്ടുകിട്ടിയിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് അസമിൽ ഈ കേസുമായി ബന്ധപ്പെട്ട് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതുവരെ ഏഴ് പേരെയാണ് അസമിൽ നിന്ന് മാത്രം അറസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമ-വ്യവസായ മേഖലകളിലെ പ്രമുഖരെ ലക്ഷ്യമിട്ടാണോ ഈ വാഹനക്കടത്ത് സംഘം പ്രവർത്തിക്കുന്നതെന്ന് കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.
സിനിമയിൽ ഉപയോഗിച്ച വാഹനത്തിന്റെ കാര്യത്തിൽ വിതരണക്കാരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണോ അതോ ബോധപൂർവമായ നികുതി വെട്ടിപ്പാണോ നടന്നതെന്ന് കസ്റ്റംസ് വിശദമായി അന്വേഷിച്ചുവരികയാണ്. വരും ദിവസങ്ങളിൽ ഭൂട്ടാൻ വഴി നികുതി വെട്ടിച്ച് എത്തുന്ന വാഹനങ്ങൾക്കെതിരെയുള്ള നടപടികൾ കൂടുതൽ ശക്തമാക്കാനാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ തീരുമാനം.
Photo and News Source: Sathyam Online







